الاثنين، 2 ديسمبر 2013

പേര് ബാക്കി
മസ്കറ്റിലെ റൂമിലിരുന്ന് പതിവുപോലെ കാലത്ത് തന്നെ ഓണ്‍ലൈനില്‍ മലയാള മനോരമ പത്രം വായിക്കാനിരുന്നു.  ഗൌരവമായ വായനക്കോ ലോക കാര്യങ്ങള്‍ അറിയാനോ ഒന്നും അല്ല. വെറുതെ. നാട്ടിലെ വല്ല വാര്‍ത്തകളും ഉണ്ടോ എന്ന് അറിയാന്‍ മാത്രം. പിന്നെ കലാമണ്ഡലം വിശേഷങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നോക്കാനും.
ഇന്നലെ ഉച്ചക്ക് ചെറിയ അളിയന്‍ രാധാകൃഷ്ണനെ അന്തിക്കാട് പോലീസ്‌ വീട്ടില്‍ വന്നു വിളിച്ചു കൊണ്ടുപോയിരുന്നു. വൈകുന്നേരം ആകുമ്പോഴേക്കും തല്‍കാല ജാമ്യത്തില്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. അനുജത്തി പ്രേമയുടെ രണ്ടു മക്കളില്‍ മൂത്തവന്‍ ഡോക്ടര്‍ അഖിലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ച്ചന്‍ കൊടുത്ത പരാതിയുടെ പേരിലാണ് അളിയന് പോലീസില്‍ ഹാജരാകേണ്ടി വന്നതു. ഇനി ഇന്ന് പോയി ജാമ്യം എടുക്കേണ്ടതുണ്ട്‌. പ്രേമയുടെയും അഖിളിന്റെയും പേരിലും പരാതി ഉള്ളതുകൊണ്ട് അവര്‍ക്കുള്ള മുന്‍‌കൂര്‍ ജാമ്യം എടുക്കാനുള്ള നടപടികളും ചെയ്യേണ്ടതുണ്ട്. അതിന് അവര്‍  വക്കീലുമായി ബന്ധപ്പെട്ടിടുണ്ട്. ജേഷ്ടന്‍ രമേശ്‌ വടക്കുംചെരിയില്‍ നിന്ന് എത്തിയിട്ടുണ്ട്.
രണ്ടാം പേജ് തുറന്നപ്പോള്‍ മൂന്നു കോളത്തില് പ്രത്യേകം അടയാളപ്പെടുത്തി കാര്‍ട്ടൂണ്‍ സഹിതം കണ്ട ‘സ്ത്രീധനം ആവശ്യപ്പെട്ട ഡോക്ടറുടെ അച്ച്ചന്‍  അറസ്റ്റില്‍’ എന്ന വാര്‍ത്ത‍ വിഷമിപ്പിക്കുന്നതയിരുന്നു.

ഇവിടെ ഇരന്നു ചെയ്യാവുന്ന പ്രതികരണം ഉടനെ തന്നെ ഫേസ് ബുക്കിലൂടെ പോസ്റ്റ്‌ ചെയ്തു. നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കാമായിരുന്നു.
പന്ത്രണ്ടു വര്‍ഷമായി ഒമാനില്‍. എട്ടു കൊല്ലം കുടുംബത്തോടൊപ്പം. ഭാര്യ വിജു എന്ന് വിളിപ്പേരുള്ള വിജയ. മകന്‍ പ്രവീണ്‍. മകള്‍ വീണ. വലിയ പ്രാരബ്ദങ്ങളില്ലാത്ത ജീവിതം. പക്ഷെ കഴിഞ്ഞ മൂന്നു കൊല്ലമായി നാലു പേരും നാലു വ്യത്യസ്ത സ്ഥലങ്ങളില്‍. തൃശ്ശൂര്‍ അരിമ്പൂരില്‍ സ്ഥലം വാങ്ങി വീട് വച്ചതില്‍ വിജു. അറുപതു കിലോമീറ്റര്‍ മാറി ഷോര്‍ണൂര്‍ ചെറുതുരുത്തി കലാമണ്ഡലം ഗുരുകുല വിദ്യാര്‍ദ്തിനി വീണ. ചെന്നൈയിലെ ഒരു ഐ ടി സ്ഥാപനത്തില്‍ ട്രെയിനി ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ആരംഭിച്ചിരിക്കുന്ന പ്രവീണ്‍.
ചുണ്ണാമ്പു പുരട്ടി സ്വയം പൊള്ളിക്കുന്ന എരപാടാണ് എനിക്കെന്നു വിജു എപ്പോഴും പറയും. ആദ്യമൊക്കെ അങ്ങിനെ കേള്‍ക്കുന്നതു അരോചകമായി തോന്നാറുണ്ട്. പിന്നെ ആലോചിക്കുമ്പോള്‍ തോന്നും അത് തന്നെ ശരി. പതിനാറാം വയസ്സില്‍ തുടങ്ങി അമ്പത്തേഴില്‍ എത്തി നിക്കുമ്പോഴും ഏതാണ്ട് തുടങ്ങിയേടത്തു തന്നെ. നേട്ടം എന്ന് പറയാന്‍ കുറെ ചീത്ത പേരും പിന്നെ വലിയ കടബാധ്യതയും.
നാളെ ബര്‍കയിലെ ഓഫീസും വീടും ഒഴിഞ്ഞു കൊടുക്കാനുള്ള നടപടികള്‍ ചെയ്യേണ്ടതുണ്ട്. കാലത്ത് ഹമദ് മസ്കരിയെയും കൂട്ടി ഹസ്സന്‍ ബഹ്രാനിയെ കാണണം. അതേ സ്ഥലത്ത് ബംഗ്ലാദേശ് സ്വദേശി ഫര്‍ഹാദ് മുഹമ്മദിന് എന്റെ സ്ഥാപനമായ ഗോള്ടെന്‍ ഗേറ്റ് ഗ്ലോബല്‍ എല്‍ എല്‍ സിയുടെ ലൈസെന്സില്‍ ചെയ്തു കൊടുക്കാം എന്ന് ഏറ്റിരുന്ന സോഫ, കാര്‍പെറ്റ്, കര്‍ട്ടന്‍ കട നടത്താന്‍ ഹസ്സന്‍ ബഹ്രാനിക്ക് സമ്മതം ഇല്ല. വേറെ സൗകര്യം ഉണ്ടാക്കണം. നാളെ നോക്കാം.
ബര്‍കയില്‍ നിന്ന് മാറി ഇപ്പോള്‍ ഘാലയില്‍ രണ്ടു മുറി ഫ്ലാറ്റില്‍ ഒരു മുറി ഓഫീസും ഒരു മുറി താമസത്തിനും ആയി തുടരുന്നു. കമ്പനിയുടെ പത്തു ശതമാനം ഓഹരി വാങ്ങിയ അന്തിക്കാട്ടുകാരന്‍ ബൈജു ചിറ്റൊളിയുടെ താല്‍പര്യത്തില്‍ എടുത്തതാണ് ഈ ഫ്ലാറ്റ്.
നാല്‍പതു ശതമാനം ഓഹരി രണ്ടു പേരിലായി വാങ്ങാം എന്ന് ഏറ്റിരിക്കുന്ന ആന്ധ്രാക്കാരന്‍ പ്രതാപ് രേദ്ദി ഇപ്പോഴത്തെ വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് പോകാന്‍ തയ്യാറായി എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചിരുന്നു. അവര്‍ക്കുള്ള എക്സ്പ്രസ്സ്‌ വിസകള്‍ക്കുള്ള കടലാസുകള്‍ മറ്റന്നാള്‍ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ കൊടുക്കണം. അവര്‍ വരുന്നതോടെ സാമ്പത്തിക ബാധ്യത ഒന്ന് കുറഞ്ഞുകിട്ടും.  ഇനിയും ഉണ്ട്.  അതിനുകൂടെ വഴി കണ്ടെത്തി ബാധ്യതകള്‍ അവസാനിപ്പിച്ചു നാട്ടില്‍ പോണം. നാല് പേര്‍ വേറെ വേറെ സ്ഥലങ്ങളില്‍ തനിയെ തനിയെ വല്ലാത്ത മടുപ്പും മരവിപ്പും.
എന്തെല്ലാം വിഷമ ഘട്ടങ്ങലൂടെ കടന്നു വന്നു. മെമ്മോറി കപാസിറ്റി കുറവായ കമ്പ്യൂട്ടറില്‍ നിന്നും ആദ്യം സേവ് ചെയ്തവ തനിയെ മഞ്ഞുപോകുന്നപോലെ പലതും മനസ്സില്‍ നിന്നും മഞ്ഞുപോയിരിക്കുന്നു. സന്തോഷവും ദുഖവും തോന്നാവുന്ന പലതും ഇപ്പോള്‍ ഓര്‍മയില്‍ ഇല്ല.
തിരുവില്വാമല ഗവണ്മെന്റ് സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാര്‍ഥി എന്ന് ഓര്മ തുടങ്ങുന്നു. ബാപ്പുജി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന അച്ച്ചന്‍ അതേ സ്കൂളിലെ ഹിന്ദി മാഷ്. ബാപ്പുജി, അമ്മ, ചേച്ചി, ചേട്ടന്‍, ഞാന്‍, അനിയത്തി എന്ന കുടുംബം അമ്മിയാരു, ഇടക്കുന്നി വാരിയം, ഉമ്മര്‍, എന്നിവരുടെ വാടക വീടുകളില്‍. സ്കൂള്‍, കൂട്ടുകാര്‍, ടീച്ചര്‍മാര്‍, മാഷന്മാര്‍, വില്വാദ്രിനാഥ ക്ഷേത്രം, പറക്കോട്ടു കാവ്‌, ചുങ്കം, വീട്ടില്‍ വളര്‍ത്തിയിരുന്ന കീരി, കൂടെ താമസിച്ചിരുന്ന അച്ച്ചന്‍ പെങ്ങള്‍ ജാനകി, ബപ്പുജിയുടെ സഹ അധ്യാപകര്‍, ബപ്പുജിയുടെ രാഷ്ട്ര ഭാഷ പ്രചാര സഭ ക്ലാസ്സ്‌ ട്യുഷന് വന്നിരുന്ന കുട്ടികള്‍, വല്ലപ്പോഴും വരുന്ന ചാച്ചാജി, അമ്മാമന്‍ തുടങ്ങിയ ബന്ധുക്കള്‍, പയര്‍, കൂര്‍ക എന്നിവ കൃഷി ചെയ്തിരുന്നത്, എല്ലാം ഇപ്പോള്‍ വളരെ മങ്ങിയ ഓര്‍മ്മകള്‍ മാത്രം. ബപ്പുജിയുടെ ട്രാന്‍സ്ഫരിനോപ്പം സകുടുംബം ഉണ്ടായിക്കൊണ്ടിരുന്ന സ്ഥലംമാറ്റം. അഞ്ചാം ക്ലാസ്സ്‌ പകുതി വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂള്‍. അടുത്ത പകുതി കണ്ടശാംകടവ് സ്കൂള്‍, ആറാം ക്ലാസ്സ്‌ മുതല്‍ അരിമ്പൂരില്‍ സ്ഥിര താമസം.
എല്തുരുത് സൈന്റ്റ്‌ അലോഷിയാസ് കോളേജില്‍ നിന്ന് പ്രി ഡിഗ്രി കഴിഞ്ഞ് പതിനാറാം വയസ്സില്‍ കല്‍കട്ടയില്‍ ചേട്ടന്റെ കൂടെ. ഒട്ടും പരിചയം ഇല്ലാത്ത സ്ഥലം, ഭാഷ, ആളുകള്‍. ജോലി, പഠനം. ബപ്പുജിയുടെ സുഹൃത്ത്‌ അന്തിക്കാട് കോപ്പുണ്ണി മാഷുടെ അനിയന്‍ കല്‍കട്ട ഗ്ലാക്സോയില്‍ ജോലി ചെയ്തിരുന്ന ബാലകൃഷ്ണന്‍ സാറിന്റെ സ്വകാര്യ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ട്രേഡ് ലിങ്ക്സില്‍ ഓഫീസ് അസിസ്റ്റന്റ്‌ ആയി ജോലി. ഗരിയാഹട്ടിലെ ഈവെനിംഗ് കോളേജില്‍ ബി. കോം. പഠനം. ഒരു വര്ഷം തികയും മുന്‍പേ ചേട്ടന്‍റെ ഭുബനേശ്വര്‍ ട്രാന്‍സ്ഫര്‍. ചേട്ടന്‍റെ സുഹൃത്തുക്കളായ ജയരാജന്‍, ദിവാകരന്‍, കുരിയന്‍, കോശി, ബാലന്‍, ഇന്ദിര, എന്നിവരുടെ കൂടെ താമസം. മാറുന്ന ജോലികള്‍, മാറുന്ന താമസസ്ഥലങ്ങള്‍, പുതിയ കൂട്ടുകാര്‍. സിനിമകള്‍, പുകവലി, മദ്യപാനം, പാചകം, പ്രേമം, ഭാഷാപഠനം, ഫുട്ബാള്‍, ക്രിക്കറ്റ്, ബെല്‍ബോട്ടം പാന്റ്സ്, ഹൈ ഹീല്ദ് ഷു, ഹിപ്പി ഹെയര്‍, വല്ലപ്പോഴുമുള്ള നാട്ടിലേക്കുള്ള യാത്ര, എന്നിവയില്‍ ഒടുങ്ങിയ, താനെന്നു അഹങ്കരിച്ചു, ഹൌറ സിബ്പുര്‍ ഗോപാല്‍ ബാനെര്‍ജി ലെയ്നിലെ ദാദയായി, ആരെയും അനുസരിക്കാതെ നടന്നു തീര്‍ത്ത ഒന്‍പതു വര്ഷം. അതിനിടെ ഒരു വര്ഷം ഭുബനെശ്വരില്‍ ഒറികേം ലിമിറ്റഡ് കമ്പനിയില്‍ ജോലി, ചേട്ടന്റെയും ചേട്ടത്തി അമ്മയുടെയും കൂടെ താമസം.
ഒരു ലക്ഷ്യ ബോധവും ഇല്ലാതെയാണ് ഒന്‍പതു വര്‍ഷത്തിനു ശേഷം കല്‍കട്ടയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ബപ്പുജിയുടെ തിമിരത്തിനുള്ള ഒപെരറേന്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍, അത് കഴിഞ്ഞ് നാട്ടില്‍ തേരാ പാരാ നടത്തം. തിരച്ചു കല്കട്ടക്ക് പോകാന്‍ തോന്നിയില്ല. നല്ലൊരു വായനോക്കിയായ ചക്കുംകുമരത്ത് രാജേന്ദ്രനെ (രാജു) പാര്‍ട്ണര്‍ ആക്കി യൂനിക് ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനം ആരംഭിച്ചു. ഒരിസ്സയില്‍ നിന്നും പി വി സി പൈപ്പ് മൊത്തമായി വാങ്ങി നാട്ടിലെ ഹാര്‍ഡ്‌വെയര്‍ കടകളില്‍ വിതരണം. ധാരാളിത്തവും ദുര്‍ഭരണവും മൂലം തുടരാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ അവസാനിപ്പിക്കേണ്ടി വന്ന ബിസിനെസ്സ്.
ഇന്ന് ബര്‍കയില്‍ പോകേണ്ടതുണ്ട്. പത്തു മണി ആയിട്ടും കൂടെ കൂട്ടേണ്ട ഹമദ് മസ്കരിയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. ഇന്നലെ രാത്രി ഹസ്സന്‍ ബഹ്രൈനി ഇന്നത്തെ കൂടിക്കാഴ്ചയെക്കുറിച്ച് ഓര്‍മിപ്പിച്ചു ഉറപ്പിച്ചതാണ്. അത് കഴിഞ്ഞ് വേണം പ്രതാപ് രേട്ടിയുടെ എക്സ്പ്രസ്സ്‌ വിസ ഡോക്യുമെന്റെഷന്‍.
പ്രഭാത ഭക്ഷണം വേണ്ടെന്നു വച്ച് ബര്കക്ക് പോകാന്‍ തയ്യാറായി ഇരിക്കുകയാണ്. ഹമദ് മസ്കരിയുമായി സംബര്‍കം പുലര്‍താനാകുന്നില്ല. ഒരാഴ്ച മുന്‍പ് വാങ്ങിയ ഫ്രോസന്‍ കപ്പ പുഴുങ്ങി, ഇന്നലത്തെ മീന്‍ കറിയും ചേര്‍ത്ത് കഴിച്ചു.  കാത്തിരിപ്പ്‌ തുടരുന്നു.
പ്രവീണ്‍ ഷോര്‍ണൂര്‍ എതിയത്രേ. നാളെ അവനു ബാങ്ക് ടെസ്റ്റ്‌ തിരുവില്വമാലയിലാണ്‌. കഴിഞ്ഞ മാസമാണ് അവനെ നിര്‍ബന്ധിച്ചു തിരിച്ച്ചയച്ച്ചത്. എച് സി എല്ലിലെ ജോലി വേണ്ടെന്നുവച്ചു നാല് മാസം ഇവിടെ എന്റെ കൂടെ ഉണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ അവന്‍റെ പഠിപ്പിനു അനുസരിച്ചുള്ള ജോലി കിട്ടിയില്ല. പത്താംക്ലാസ് മുതല്‍ പ്രവീണ്‍ ഇവിടെയാണ്. കമ്പ്യൂട്ടര്‍ എന്ജിനീയരിങ്ങില്‍ ബിരുദം നേടിയതിനു ശേഷം നാട്ടിലേക്ക് വിടുകയായിരുന്നു. അവനു ഇവിടെയാണ്‌ താല്പര്യം. കലാലയത്തില്‍ വച്ച് പരിചയപ്പെട്ട്, ഇഷ്ടപ്പെട്ട്, ജീവിത സഖി ആക്കണമെന്ന് ആഗ്രഹിക്കുന്ന ശ്രീവിദ്യ എന്ന പെണ്‍കുട്ടി ഇവിടെയാണ്. വീട്ടില്‍ വിജുവിനും വീണക്കും അറിയാമായിരുന്നു. ഞാന്‍ അറിഞ്ഞത് അവസാനം. അത് സാരമില്ല. ഞങ്ങള്‍ക്ക് അവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വീകര്യങ്ങളാണ്. വേണ്ടെന്നു വിജു പറഞ്ഞിട്ടും ഒരിക്കല്‍ ശ്രീവിദ്യയുടെ വീട്ടില്‍ പോയി ആ കുട്ടിയുടെ അച്ചനും അമ്മയും ആയി സംസാരിച്ചു. പിന്നീട് ജാതകം നോക്കലും, അവരുടെ കുടുംബസമേതമുള്ള അരിമ്പൂര്‍ സന്ദര്‍ശനവും, കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെട്ടതുപോലെ ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനവും. പ്രവീണിന് നല്ല ഒരു വരുമാന മാര്‍ഗം ഉണ്ടായാല്‍ മാത്രം നടപ്പാക്കാന്‍ പറ്റുന്നത്. ശ്രമ ഫലങ്ങള്‍ അനുകൂലമാവട്ടെ എന്നും അവര്‍ക്ക് ഒന്നിച്ചുള്ള ജീവിതം തുടങ്ങാനാവട്ടെ എന്നും ആഗ്രഹിക്കാം.
‘അതിഥി’ എന്നാല്‍ വീട്ടില്‍ ആകസ്മികമായോ അല്ലാതെയോ കയറി വരുന്നവരാനെന്നുള്ള ധാരണ മാറിയത് ഇന്‍റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കേട്ടുകൊണ്ടിരിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഭഗവദ്ഗീത പ്രഭാഷണത്തില്‍ നിന്നാണ്. അതിഥി ദേവോ ഭവ എന്നതിന്റെ വ്യാഖ്യാനത്തില്‍ അനുഭവങ്ങളെയാണ്‌ അതിഥി എന്ന് വ്യക്തമാക്കുന്നത്. അനുകൂല അനുഭവങ്ങള്‍ സ്വന്തം കഴിവുകൊണ്ട് മാത്രം നേടിയതെന്നും, പ്രതികൂല അനുഭവങ്ങള്‍ക്ക് മറ്റുള്ളവര്‍ കാരണക്കാരെന്നും വിശ്വസിച്ചും വിശ്വസിപ്പിച്ചും കഴിഞ്ഞത് ശരിയല്ലെന്ന് മനസ്സിലാകുന്നു. നടന്നതും, നടക്കുന്നതും, നടക്കാനിരിക്കുന്നതും ആയ എല്ലാ അനുഭവങ്ങളും ‘അതിഥി’ ആണെന്ന ആ അറിവ് ആശ്വാസം നല്‍കുന്നു.
സെപ്റ്റംബര്‍ 8, 2013
ഇന്നലെ ഒന്നും നടന്നില്ല. ഇന്നും എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഹമദ് മസ്കരി ഇന്ന് വെളുപ്പിന് നാല് മണിക്കാണ് എതിയതത്രേ. അബ്ദുല്‍ സമദിന്റെ നാട്ടിലേക്കുള്ള യാത്ര നീണ്ടുപോകുന്നു. പാകിസ്താനി സുഹൃത്ത്‌ അംജദ് പറഞ്ഞതുകൊണ്ടാണ് അയാളുടെ കാര്യം ഏറ്റെടുത്തത്. മൂന്നു വര്‍ഷമായി വിസ ഇല്ല. ഹമദ് മസ്കരിയുടെ സുഹൃത്ത്‌ മസ്കറ്റ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ജമാലിനെക്കൊണ്ട് പൈസ കൊടുത്തു രണ്ടു മാസം മുന്‍പ് എര്പാടക്കിയതാണ്. പതിനഞ്ചു ദിവസത്തിനുള്ളില്‍ ആള്‍ പോയിരിക്കും എന്ന് പറഞ്ഞു തുടങ്ങിയ ഏര്‍പ്പാടാണ് നാളെ, മറ്റെന്നാള്‍, നാളെ എന്ന് പറഞ്ഞു പറഞ്ഞ്‌ രണ്ടു മാസം കഴിഞ്ഞും എങ്ങും എത്താതെ നില്‍ക്കുന്നത്. അബ്ദുല്‍ സമദും അംജദും വിളിക്കുമ്പോള്‍ മാറ്റി പറയാന്‍ ഒന്നും ഇല്ല. ഇന്ന് ഒരു മണിക്ക് വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്. നോക്കാം.  ഒമാനില്‍ ഇങ്ങിനെയൊക്കെ തന്നെയാണ്.
ദുബായിലെ ജെ ബി സി എക്സ്പ്രസ്സില്‍ ഏതാണ്ടൊരു വര്ഷം ജോലി ചെയ്തതിനുശേഷം ആ സ്ഥാപനതിന്ടെ ഒമാന്‍ ഒപരെഷന്‍സ് ചുമതല ഏറ്റെടുത്തുകൊണ്ടാണ് പന്ത്രണ്ടു വര്‍ഷത്തിനു മുന്‍പ് ഇവിടെ എത്തുന്നത്. ദുബായിലെ സ്പീടിലാണ് ഇവിടെ തുടങ്ങിയത്. ജോലി നിര്ധേശങ്ങളോടുള്ള സഹപ്രവര്‍ത്തകരുടെ വളരെ സാവകാശത്തോടെയുള്ള പ്രതികരണം വിശകലനം ചെയ്തപ്പോള്‍ മനസ്സിലായി ഞാന്‍ മാത്രമേ തുള്ളാനുള്ളൂ എന്ന്. എന്റെ രീതി മാറ്റി സ്പീഡ് കുറച്ചപ്പോള്‍ സംഗതി ശരിയായി.  തിരക്ക് കൂട്ടിയിട്ടു കാര്യമില്ല എന്നറിഞ്ഞതുകൊണ്ട് നാളെ നാളെ എന്ന് കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല.
ഉടനേ വീട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടു ഒരാഴ്ച മുന്‍പ് ഏതാണ്ട് വൈകീട്ട് എട്ടരക്ക് പ്രിന്‍റിംഗ് പ്രസ്‌ നടത്തുന്ന ചേറ്റുവക്കാരന്‍ ഹാരൂണ്‍ വിളിച്ചിരുന്നു. പന്തികേട്‌ തോന്നി. ആളൊരു സാധു. ഒരുപാടു ബുധ്ധിമുട്ടുകള്‍ക്കുള്ളില്‍ നിന്ന് പടിപടിയായി ഒരു വിധം തരക്കേടില്ലാത്ത നിലയില്‍ തന്‍റെ സ്ഥാപനം നടത്തിപ്പോരുന്നു. വീട്ടു ജോലികള്‍ കഴിഞ്ഞ് പ്രസ്സില്‍ ഹാരൂണിനെ സഹായിക്കാനെത്തുന്ന ഭാര്യയും ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന രണ്ടു ആണ്മക്കളും. സുഖമായി ജീവിക്കാനുള്ള ചുറ്റുപാടുകള്‍. പക്ഷെ മിക്കവാറും എന്നും വഴക്ക് കൂടി തീര്‍ക്കുന്ന ദിവസങ്ങള്‍. സംശയങ്ങള്‍.  തെറ്റിദ്ധാരണകള്‍. വിട്ടുവീഴ്ചയില്ല. ജയിച്ചു എന്ന് സ്വയം വിശ്വസിച്ചു തോറ്റ് ഉറങ്ങുന്നു. അടുത്ത ദിവസം വീണ്ടും വഴക്ക് കൂടാനായി. മാസം അവസാന ദിവസം ഹാരൂണ്‍ വിളിച്ചു പിറ്റേ ദിവസം എന്റെ ലിക്കര്‍ പെര്‍മിട്റ്റില്‍ ഒരു മാസത്തേക്കുള്ള ഒരു കാര്‍ടൂണ്‍ വിസ്കിയും രണ്ടു കാര്‍ടൂണ്‍ ബീയറും വാങ്ങി സ്റ്റോക്ക്‌ ചെയ്യും. ഇടപാടുകാരുടെ ഓഫീസുകളില്‍ നിന്നും ജോലി സംബന്ധമായി ലേഡി റിസെപ്ഷനിസ്റ്റ് വിളിക്കുന്നതും, ഹാരൂണിന്റെ വെള്ളമടിയും വഴക്കുകളില്‍ പ്രധാന അജണ്ടയായും മുന്‍ ദിവസങ്ങളില്‍ അസഭ്യം പറഞ്ഞും തല്ലി തീര്‍ക്കാന്‍ കഴിയാഞ്ഞതുമായ വിഷയങ്ങളും, ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് പുറപ്പെടാന്‍ വൈകിയതിനും, പ്രിന്റിംഗ് സ്ലൈഡ് സംബന്ധിച്ചും, യാതൊരു തരത്തിലും സംസാര വിഷയം ആക്കേണ്ടത് അല്ലാത്തതുമായ കാര്യങ്ങള്‍ കുത്തിപ്പൊക്കി സമാധാനം കൈവിട്ടുപോയ സന്ദര്‍ഭത്തില്‍ അസഭ്യ ശകാര വാക് തര്‍ക്കങ്ങള്‍ക്കൊടുവില്‍ അടിപിടി കഴിഞ്ഞിട്ടുള്ള വിളിയായിരുന്നു. എന്തോ, അയാളെ എനിക്ക് ഇഷ്ടമാണ്. ചെന്നു. എന്റെ സാന്നിധ്യത്തില്‍ രണ്ടര മണിക്കൂര്‍ കഴിഞ്ഞും നല്ല ഫലങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ സാധിക്കാതെ എനിക്ക് തിരിച്ചു പോരേണ്ടി വന്നു. സ്വ ജീവിതാനുഭവങ്ങള്‍, ഭഗവത ഗീത, ഭാഗവതം എന്നിവയില്‍ നിന്നും ചില കാര്യങ്ങള്‍ അവതരിപ്പിച്ചു ശാന്തരാക്കാന്‍ ശ്രമം നടത്തി. അവര്‍ക്ക് അതൊന്നും വേണ്ട. രണ്ടാള്‍ക്കും ജയിക്കണം. അണുവിട മാറില്ല. കാലം അതിന്റെ സമയം എടുക്കട്ടെ. കാര്യങ്ങള്‍ സമാധാനമാകട്ടെ. ആ കുടുംബത്തില്‍ സമൃദ്ധിയും സന്തോഷവും ഉണ്ടാകട്ടെ.
വേണ്ടപ്പെട്ടവരുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ മരണത്തില്‍ അനുശോചിച്ച്ചും മരണാന്തര കര്‍മങ്ങളില്‍ പങ്കെടുത്തു മടങ്ങുമ്പോഴും നാമൊരിക്കലും സ്വയം മരിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഹാരൂണ്‍ ഒറ്റപ്പെട്ട ഒരു സംഭവമേ അല്ല. സങ്കീര്‍ണവും ദുസ്സഹവുമായ എന്തെല്ലാം ജീവിത സാഹചര്യങ്ങളെ യാണ് മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടത്. താന്തോന്നിയും മദ്യപാനിയും മുന്‍കോപിയും മുരടനും ആയിരുന്ന എന്നെ എങ്ങിനെ എന്റെ വീട്ടുകാര്‍ സഹിച്ചു എന്നറിയില്ല. എനിക്ക് സുഖം എന്ന് തോന്നിയിരുന്നത് ചെയ്യുകയും എന്റെ മാത്രം സുഖത്തിനു വേണ്ടി ആണ് ഒരു കാലത്ത് ജീവിച്ചിരുന്നത് എന്നതും പശത്താപത്ത്തിനു വഴിയൊരുക്കുന്നു. എവിടെ എത്ത്തിച്ചെരണമെന്നു മനസ്സിലായെങ്കിലും, എങ്ങിനെ എന്ന് അറിയാതെ സംഭ്രമിച്ചു നില്‍ക്കാനേ കഴിയുന്നുള്ളൂ. അനവസരങ്ങളില്‍ അലോരസമുളവാക്കുന്ന സമീപനങ്ങളെ ധാഷ്ട്ര്യത്ത്തോടെ പ്രതികരിച്ചതും, എന്തിനെയും മത്സര ബുദ്ധിയോടെ നോക്കി കണ്ടതും, കേള്‍ക്കുന്നവരുടെ മനോവീര്യം തളര്‍ത്തി സ്വന്തം മേല്‍കോയ്മ ഉറപ്പാക്കാന്‍ മനസാ വാചാ കര്‍മണാ ചെയ്തിരിക്കാനിടയുള്ള നടപടികളിലും, അവിവേക മനസ്സിന്റെ പ്രകോപനപരമായ പെരുമാറ്റത്തിലും ഇന്ന് ഖേദിക്കുന്നു. ബാധിക്കപ്പെട്ട എല്ലാവരോടും മാപ്പ് ചോദിക്കുന്നു.
മരണതുല്യമെന്നു അറിയുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നും ചെയ്യാന്‍ വയ്യാത്ത നിസ്സഹാവസ്ഥയില്‍ ജീവിക്കുന്നു. ഡി എച് എല്ലില്‍ ജോലി ചെയ്യുമ്പോഴാണ് സഹപ്രവര്‍ത്തകനായ സലിം അല്‍ ബാലുഷിയെ സ്പോണ്സര്‍ ആക്കി ആറുവര്‍ഷം മുന്‍പ് അല്‍ സലിം ട്രകകിംഗ് സര്‍വീസ് എന്ന സ്ഥാപനത്തിന് രൂപം കൊടുത്തത്. സമ്പളം നീക്കിയിരുപ്പ്, സുഹൃത്തുക്കളുടെ സഹായം, ഫിനാന്‍സ് കമ്പനി ലോണ്‍ എന്നിവ ചേര്‍ത്ത് രണ്ടു വര്ഷം കൊണ്ട് ഉണ്ടാക്കാന്‍ കഴിഞ്ഞ ആറു ട്രൈലരുകളും നാല് ചെറിയ വണ്ടികളും എല്‍ എല്‍ സി കമ്പനി രജിസ്റ്റര്‍ ചെയ്തു ഭദ്രമാക്കുന്നതിനു മുന്‍പേ സലിം അല്‍ ബലൂഷി കൈക്കലാക്കി. ശ്രമ ഫലം തുടങ്ങുന്നതിനു മുന്‍പേ മൂലധന നഷ്ടവും എടുത്താല്‍ പോന്താന്ത സാമ്പത്തിക ബാധ്യതയും. ഗോള്‍ഡന്‍ ഗേറ്റ് ഗ്ലോബല്‍ എന്ന എല്‍ എല്‍ സി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികമായി ഒരു ഗുണവും ചെയ്തില്ലെന്ന് മാത്രമല്ല, സലിം ട്രക്കിംഗ് സെര്‍വിസിന്റെ പേരില്‍ എന്റെ ചെക്കിന്റെ ഉറപ്പിന്മേല്‍ വാങ്ങിയ ഫിനാന്‍സ് കമ്പനി ലോണ്‍ അടച്ചു തീര്കേണ്ടതിലെക്കായി വീണ്ടും ഉണ്ടാക്കിയ ആസ്തി വിട്ടു കൊടുക്കേണ്ടി വരികയും ചെയ്തു.
പരിപാലനവും സംരക്ഷണവും ഉറപ്പാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയപ്പോള്‍, വേറെ വഴിയില്ലാതെ കുടുംബത്തെ വിഷമത്തോടെയെങ്കിലും നാട്ടില്‍ അയച്ചു. എട്ടു വര്‍ഷങ്ങള്‍ കൊണ്ട് ഒന്നൊന്നായി വാങ്ങിയ ദാര്സൈട്ടിലെ രണ്ടു മുറി ഫ്ലാറ്റില്‍ ഉണ്ടായിരുന്ന എല്ലാ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും പായ്ക്ക് ചെയ്തു കടല്‍ മാര്‍ഗ്ഗം നാട്ടിലേക്കയച്ചു. എല്ലാം നല്ലതിനായിരുന്നു എന്ന് കാലം തെളിയിക്കുന്നു. എച് ഡി എഫ് സിയില്‍ നിന്നും ലോണ്‍ വാങ്ങി പണിതു രണ്ടു വര്‍ഷമായി പൂട്ടിയിട്ടിരുന്ന സ്വന്തം വീട്ടില്‍ താമസം തുടങ്ങാന്‍ വിജുവിനു കഴിഞ്ഞു. അമ്മ തന്ന പത്ത് പ്ലാസ്റ്റിക്‌ കസേരകളും, വിജു വാങ്ങിയ അഞ്ചാറ് പുല്പായകളും, അത്രയും തലയിണകളും മാത്രമുണ്ടായിരുന്ന വീട് ഇവിടെ നിന്നെത്തിയ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും കൊണ്ട് സമ്പന്നമായി. നാട്ടിലെ സ്കൂളില്‍ ചേര്‍ത്തത് വീണക്കു  നമ്മുടെ സംസ്കാരവുമായി ഇണങ്ങിച്ചേരാനുള്ള അവസരമായി. അവിടെനിന്നും കലാമണ്ഡലം എന്ന (എന്റെ) സ്വപ്ന (പിന്നീട് അവരുടെ) സാക്ഷാല്‍കാരവും.  ചെന്നൈ എച് സി എല്ലില്‍ ജോലി നേടുക വഴി പ്രവീണിനും ഔദ്യോഗിക ജീവിതം ആരംഭിക്കാനായി. വിജു ഹാപ്പി. പ്രവീണ്‍ ഹാപ്പി. വീണ ഹാപ്പി. സംശയിക്കേണ്ട, മി ടൂ.
സമാധാനിക്കാന്‍ വക ഇനിയുമുണ്ട്. ഇരുപത്തേഴു സെന്റില്‍ നിന്ന് ഏഴര വിറ്റ്‌  എച് ഡി എഫ് സി ഹോം ലോണ്‍ അക്കൗണ്ട്‌ അവസാനിപ്പിച്ചു. വീണ്ടും ഒരെഴുകൂടി വിറ്റ്‌ വേറെയും കുറച്ചു കട ബാധ്യതയിലേക്ക് കൊടുത്തു. ബാക്കിയുള്ള, ബാധ്യതകള്‍ ഇല്ലാത്ത പതിന്നാലു സെന്റും രണ്ടായിരത്തി മുന്നൂറു എസ എഫ് ടി വീടും വിജുവിന്റെ പേരിലാക്കി. രണ്ടായിരത്തി അഞ്ചു മോഡല്‍ ടാറ്റാ ഇന്‍ഡിഗോ മരിന കാര്‍ മാറ്റി പ്രവീണിന്റെ പേരില്‍ രണ്ടായിരത്തി ആറു മോഡല്‍ ടാറ്റാ സഫാരി വാങ്ങി. മത്സര പരീക്ഷകള്‍ എഴുതാതെ, കാപിറ്റേഷന്‍ ഫീ കൊടുക്കാതെ, നാമ  മാത്രമായ ചിലവില്‍, പത്തു വര്‍ഷം കൊണ്ട് വീണക്കു കലാമണ്ഡലം ഡോക്ടറേറ്റ്‌ എടുത്ത് പുറത്തു വരാം. അവിടേക്ക് ഇനി എട്ടു വര്ഷം മാത്രം. അതിന് ശേഷം അവള്‍ക് അവളുടെതായ ലോകം. പ്രവീണിന് ഒരു നല്ല ജോലിയും വരുമാനവും ഉണ്ടായാല്‍, അമ്മയെയും അനുജത്തിയും സംരക്ഷിക്കാനുള്ള വിവേക മനസ്സ് അവനു ഉണ്ടായാല്‍, അവരുടെ കാര്യം ബുദ്ധിമുട്ടില്ലാതെ കഴിയാം എന്നത് ആശ്വാസം. ഇനി ഞാന്‍ ഇല്ലാതായാലും അവരെ ബാധിക്കാന്‍ ഇടയില്ല എന്നത് ഓര്‍ക്കാന്‍ തന്നെ സുഖം.
കട ബാധ്യതകള്‍ ഒന്നും ഇല്ലാതെ (തെറ്റാണെന്ന് തോന്നുന്നു. അങ്ങിനെ പറയാന്‍ വിജു സമ്മതിക്കില്ല. പാവം. പ്രശ്നങ്ങള്‍ ചിലത് അവിടെയും ഇല്ലാതിരുന്നിട്ടില്ല. അതിലേക്കു പിന്നെ വരാം) ചെന്നൈയില്‍ ജീവിച്ചുപോന്ന ഈ പാവം മേനോന് ഒന്നരക്കോടി കടക്കാരനാകാന്‍ എത്ര പെട്ടെന്നാണ് കഴിഞ്ഞത് എന്ന് ഒരു സാക്ഷിയായി നോക്കുമ്പോള്‍ തോന്നുന്നു ‘ഞാന്‍ ആരാ മോന്‍’.
അബ്ദുല്‍ സമദിന്റെ യാത്ര ഒക്ടോബര്‍ അഞ്ചിന് ശരിയാക്കിയിട്ടുന്ടെന്നും ടിക്കറ്റ്‌ ഈ മാസം മുപ്പതിന് തരാമെന്നും പറഞ്ഞു ഹമദ് മസ്കരി വിളിച്ചിരുന്നു. പെര്മിടില്‍ ലിമിറ്റ് കഴിയുവോളം ഒന്നരാടമെങ്കിലും അയാള്‍ക്ക് വിസ്കിയും ബീയറും വാങ്ങിക്കൊടുക്കാന്‍ പോണം. സസന്തോഷം ചെയ്തുകൊണ്ടിരിക്കുന്നു. സ്പോണ്സര്‍ രേഹമ അല്‍ ഗസാലിയുടെ ടൊയോട്ട കൊറോള കാര്‍ അവരുടെ ആവശ്യപ്രകാരം തിരിച്ചേല്പിച്ചു മടങ്ങും വഴി ഹമദ് മസ്കരി നിര്‍ബന്ധിച്ചു തന്ന അയാളുടെ മാക്സിമ കാറാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് മാത്രമല്ല. എന്നെക്കൊണ്ട് ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നു എന്ന സുഖമായ അനുഭൂതിക്കുവേണ്ടി.
പ്രവീണ്‍ പാമ്പാടി നെഹ്‌റു എന്ജിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ബാങ്ക് ടെസ്റ്റ്‌ എഴുതി അര മണിക്കൂറില്‍ എത്തുന്ന ട്രെയിനില്‍ കയറാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എതിയത്രേ. അവനെക്കൊണ്ട്‌ ബാങ്ക് ടെസ്റ്റ്‌ എഴുതിക്കുക എന്ന ആഗ്രഹം നടന്നു. ഫലത്തില്‍ ആകാംക്ഷ ഇല്ല. ഇത് ഒരു അനുഭവത്തിന് വേണ്ടി. റാങ്ക് ലിസ്റ്റില്‍ വരും വരെ ഇത്തരം പരീക്ഷകള്‍ എഴുതിക്കൊണ്ടിരിക്കനമെന്നുള്ള എന്റെ ആഗ്രഹം അവന്‍ നിറവേറ്റും.
സെപ്റ്റംബര്‍ 10, 2013
സമയം ഉണ്ടായിരുന്നെങ്കിലും എഴുതാന്‍ തോന്നിയില്ല ഈ കഴിഞ്ഞ രണ്ടു ദിവസവും. ഹമദ് മസ്കരിയുമായി രുസ്ഥാഖില്‍ പോകാന്‍ തയ്യാറായി കാത്തിരിക്കയാണ്‌. ഇന്ന് എഴരക്ക്‌ പുറപ്പെട്ടു പോയി എക്സ്പ്രസ്സ്‌ വിസ എടുക്കാനായിരുന്നു പരിപാടി. ഇരുനൂറു കിലോമീറ്റര്‍ ദൂരമുണ്ട്. പത്തു മണിയായി. ഇനി ഇന്ന് പോയിട്ട് കാര്യമില്ല. ഏതാണ്ട് രണ്ടര മണിക്കൂര്‍ വേണം അവിടെയെത്താന്‍. പന്ത്രണ്ടു മണിയോടെ അപ്ലിക്കേഷന്‍ സ്വീകരിക്കുന്നത് മിനിസ്ട്രി അവസാനിപ്പിക്കും. സുധീശ് വിവാദത്തിന്റെ ഒത്തുതീര്‍പ്പിനായി ശിബുവുമോത്ത്‌ അല്‍ ഖുവൈര്‍ കോടതിയില്‍ പോയിരിക്കയാണ്‌ ഹമദ് മസ്കരി. അങ്ങേര്‍ക്കു കിട്ടേണ്ടതായിട്ടുള്ള ഇരുപതിനായിരം റിയാലിനൊപ്പം സുധീഷില്‍ നിന്ന് എനിക്ക് കിട്ടാനുള്ള ഒരു അറനൂറ് റിയാല്‍, സംബന്ധിച്ചു തീരുമാനവും ഉണ്ടാക്കാമെന്ന് ഹമദ് മസ്കരി ഏറ്റിരിക്കുന്നു. നോക്കാം.
ഇന്നലെ ഹസ്സന്‍ ബഹ്രൈനി പാകിസ്താനി ഹോട്ടല്‍ പരിസരത്ത് എത്തിയപ്പോള്‍ ഓഫീസ് ലോകേഷന്‍ അറിയാന്‍ വിളിക്കുമ്പോള്‍ ഒമാന്‍ ടെല്‍ കൌണ്ടറില്‍ ടെലിഫോണ്‍ കണക്ഷനുള്ള ഫോറം പൂരിപ്പിക്കുകയായിരുന്നു. അയാള്‍ ഓഫീസില്‍ വന്നിരുന്നു. ബര്‍ക ഓഫീസിന്റെ ഇപ്പോഴത്തെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു കമേര്‍ഷ്യല്‍ രേജിസ്ട്രറേനില്‍ ബംഗ്ലാദേശി ഫര്‍ഹാദിനുവേണ്ടി പുതിയ ഇനമായി ചേര്‍ത്ത സോഫ, കര്ടന്‍, കാര്‍പെറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ബല്‍ദിയയില്‍ നിന്ന് പുതിയ അഗ്രീമെന്റ് ഉണ്ടാക്കി തരാമെന്നും എറ്റിട്ടുണ്ട്. അയാളുടെ നേരത്തെ ഉള്ള നിലപാട് മാറ്റിയിരിക്കുന്നു. നല്ലത്. ഫോര്‍ഹാദിനെ വിളിച്ചു പുതിയ സ്ഥലം കണ്ടുവെച്ചത് എടുക്കെണ്ടതില്ലെന്നു അറിയിച്ചിട്ടുണ്ട്.
12.09.2013
ഇന്ന് ബൈജു എത്തും. ഇന്നലെ രുസ്ഥാഖില്‍ പോയി പ്രതാപ് രേദ്ദി, സവെന്ദര്‍ രജോഭ എന്നിവര്‍ക്കു എക്സ്പ്രസ്സ്‌ വിസക്ക് അപേക്ഷിച്ചിട്ടുണ്ട്. ഓണ്‍ ലൈനില്‍ നോക്കി സ്റ്റാറ്റസ് അറിയണം. ബര്‍ക ഓഫീസി ചാവി ഇന്നലെ കൊടുക്കാമെന്നു ഹസ്സന്‍ ബഹ്രൈനി ഏറ്റിരുന്നു. ഇതുവരെ കിട്ടിയില്ലെന്ന് ഫോര്‍ഹാദ്. അബ്ദുള്ള അല്‍ ഷിബ്ലി പൈസക്ക് വേണ്ടി വന്നിരുന്നു. കൊടുക്കാന്‍ ഉണ്ടായിരുന്നില്ല. ഇന്നലെ രുസ്ഥാഖില്‍ നിന്നും തിരുച്ചു വരുമ്പോള്‍ നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍ രീകൊവേരി ചീഫ് വിളിച്ചിരുന്നു. പേര്‍സണല്‍ ലോണ്‍ രീഷേട്യൂല്‍ ചെയ്തു പ്രതിമാസ തവണ നിസ്ച്ചയ്ചിരുന്നു എങ്കിലും അഞ്ചു മാസമായി ഒരു തവണപോലും അടക്കാന്‍ പറ്റിയില്ല. ന്യൂ ഇന്ത്യ അസ്സുരന്‍സ് കമ്പനിയില്‍ നിന്നും ഓര്‍മിപ്പിക്കുന്നുണ്ട്. ടാജീര്‍ ഫിനാന്‍സില്‍ നിന്നും ഫൈസല്‍ മൂന്നു നാല് ദിവസം മുന്‍പാണ്‌ വിളിച്ചത്. ദുബൈയില്‍ നിന്നും അല്‍ താലിബ് രജിതന്‍ സാറിന്റെ വിളി വരാറായിട്ടുണ്ട്.
ഉച്ച ഭക്ഷണത്തിനുശേഷം മൊബൈല്‍ സൈലന്റ് മോഡില്‍ വച്ചു അല്പം വിശ്രമം പതിവുണ്ട്. ഇന്നലെ രുസ്ഥാഖില്‍ നിന്നും തിരിച്ചെത്തി ക്ഷീണം കാരണം പെട്ടെന്ന് കിടന്നു. മൊബൈല്‍ സൈലന്റ് മോഡില്‍ വച്ചില്ല. മൂന്നു മണി കഴിഞ്ഞപ്പോള്‍ വന്ന വിജുവിന്റെ മിസ്സ്ഡ് കാള്‍ ഉറക്കം കളഞ്ഞു. മനസ്സാന്നിധ്യം വിടരുതെന്ന മുഖവുരയോടെ പൂരം കുറീസ് നറുക്ക് വീണ കാര്യം പറഞ്ഞു. ഇരുപത്തി അഞ്ചു ലക്ഷത്തിന്റെ കുറിയാണ്. നൂറ്റി എന്പതെഴു മാസം പതിനഞ്ചു ആയിരം രൂപ അടവ്. ഇത് ഇരുപത്തി നാലാം മാസം. ഹൌസിംഗ് ലോണ്‍ അടക്കാന്‍ സഹായകം ആയേക്കും എന്ന് കരുതി ജീവിതത്തില്‍ ആദ്യമായി ഒരു കുറിയില്‍ ചെര്നതാണ്. പതിനെട്ടു ലക്ഷത്തോളം വിളി പോകുന്നതുകൊണ്ട്‌ ആറായിരത്തി അഞ്ഞൂറില്‍ കൂടുതല്‍ അടക്കേണ്ടി വന്നിട്ടില്ല. അത് തന്നെ ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന അവസ്ഥയില്‍ ആയിരുന്നു. എന്തായാലും വലിയ ആശ്വാസമായി. തുടര്‍ന്നുള്ള തവണകള്‍ അടയ്ക്കാനും വീട്ടു ചിലവിനുള്ള  സ്ഥിരമായ ഒരു വരുമാനം ഉറപ്പു വരുത്താനും ഈ കിട്ടുന്ന തുകകൊണ്ട് ഇനി സാധിക്കും. കുറെ വര്‍ഷങ്ങളായി ഇപ്പോള്‍ ഇരുപതോളം കുറികളില്‍ അംഗം ആയി അനുഭവ വൈദഗ്ദ്യം ഉള്ള സുഹൃത്ത്‌ പാലിശ്ശേരി രാമദാസിനെ തുടര്‍ നടപടികള്‍ക്കായി എല്പിച്ച്ചിട്ടുണ്ട്.
രേട്ടിയുടെയും രജോഭയുടെയും എക്സ്പ്രസ്സ്‌ വിസ റെഡി എന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ വെബ്‌ സയിറ്റില്‍ കണ്ടു. രേട്ടിയെ അറിയിച്ചു. ഹമദ് മസ്കരിയെയും കൂടി ഇന്ന് വൈകീട്ട് എയര്‍പോര്‍ട്ടില്‍ നിന്നും വിസ വാങ്ങിക്കണം.
വീണയുടെ അരക്കൊല്ല പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു പുറപ്പെട്ടിരിക്കുന്നു. ഭോപാലില്‍ നിന്നും അവധിക്കുവന്ന ജ്യേഷ്ടന്‍ മോഹനന്റെ കൂടെയാണ് ഇന്ന് വീണയെ കൊണ്ടുവരാന്‍ ദാസന്റെ വണ്ടിയില്‍ വിജു ചെറുതുരുത്തിയില്‍ പോയിരിക്കുന്നത്. കഴിഞ്ഞ പരീക്ഷകള്‍ നന്നായി എഴുതിയിട്ടുണ്ടെന്നും, ബസ്‌ സമരം മൂലം മാറ്റിവെക്കപ്പെട്ട രണ്ടു സുബ്ജെക്റ്റ് ഒണാവധിക്കുശേഷം ഉണ്ടാകുമെന്നും പറഞ്ഞു. വീണയുടെ അകാടെമിക്സിന്റെ കാര്യത്തില്‍ എന്തോ എനിക്ക് ഒരു ഉള്ഖണ്ടയും ഇല്ല. ദാര്സൈറ്റ് ഇന്ത്യന്‍ സ്കൂളില്‍ രണ്ടിലോ മറ്റോ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഏതോ ആരും വിഷയത്തിനു എന്താ മാര്‍ക്ക്‌ കുറഞ്ഞത്‌ എന്നതിന് എനിക്ക് അത്രയും മതി അഛാ എന്നാണ് കുട്ടി പറഞ്ഞത്. അത് ശരിതന്നെ എന്ന് എനിക്കും തോന്നി. എന്തിനാ കുറെ അധികം മാര്‍ക്ക്. ആവശ്യത്തിനു പോരെ. മതി. പിന്നീട് ഏട്ടാം ക്ലാസ്സില്‍ കപ്പല്‍ പള്ളി സ്കൂള്‍ പരീക്ഷയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടുമായി ക്ലാസ്സ്‌ ടീച്ചറെ കാണേണ്ടതുണ്ടായിരുന്നു. വീണക്കു മാര്‍ക്ക്‌ കുറവാണു. കുട്ടി സ്മാര്‍ട്ട്‌ ആയതുകൊണ്ട് ഇമ്പ്രൂവ് ചെയ്തുകൊള്ളും. ഒന്ന് ശ്രദ്ധിക്കണം എന്ന് മാഷ്. എന്റെ കുട്ടിക്ക് അത്രയും മതി എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മാഷടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു. എല്ലാവരും പോരാ പോരാ എന്ന് മുറവിളി കൂട്ടുമ്പോള്‍, മതി, ഇതുതന്നെ ധാരാളം എന്ന് നിലപാട് സ്വീകരിച്ച, സ്വീകരിക്കുന്ന, സ്വീകരിക്കനിരിക്കുന്ന ഒരച്ച്ചനും മകളും. പ്രവീണിന്റെ കാര്യത്തിലും ഒരിക്കലും കുറച്ചുകൂടി മാര്‍ക്ക്‌ വാങ്ങിക്കാന്‍ കഴിയില്ലേ എന്ന് ചോദിച്ചിട്ടില്ല. അല്ലാതെ തന്നെ അവന്‍ നല്ല ഗ്രേഡില്‍ പാസ്സയിട്ടുണ്ട്. കോളേജില്‍ ലേശം ഉഴപ്പി. അത്രയേ ഉള്ളു. സിമ്പിള്‍.
എയര്‍പോര്‍ട്ടില്‍ നിന്നും ബൈജു വിളിച്ചിരുന്നു. വീട്ടില്‍ പോയി ഫ്രഷ്‌ ആയി ഓഫീസില്‍ വരാമെന്നു. ഓണത്തിനു ഇനി മൂന്നു ദിവസം കൂടി. ബൈജു അത് കഴിഞ്ഞിട്ടു വന്നാലും മതിയായിരുന്നു. കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു പോകുന്നു എന്നറിയാന്‍ രഹമ വിളിച്ചിരുന്നു. സുധിഷ് വിളിച്ചു, ഫോണ്‍ എടുത്തില്ല. ഹമദ് മസ്കരി ഏഴു മണിക്ക് വിസ വാങ്ങാന്‍ പോകാന്‍ തയ്യാറായി നില്‍ക്കാമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം ഇന്നലത്തെ ബാക്കി ഭക്ഷണം ചൂടാക്കി ഉച്ചക്ക് കഴിക്കണം, കിടക്കണം.
സവിശേഷമായി പറയത്തക്ക മാറ്റങ്ങളോ നേട്ടങ്ങളോ സംഭവിക്കാതെ ഒരു ഓണം കൂടി കടന്നു പോയിരിക്കുന്നു. വിജുവിന്‍റെ തറവാട് പൊളിക്കാന്‍ എര്പാടാക്കിയത്രേ. വിജുവിന്റെ ജ്യേഷ്ടന്‍ മോഹന്‍ അവിടെയാണ് അയാള്‍ക്കുള്ള വീട് പണിയുന്നത്‌. വീണയുടെ പല്ല് കെട്ടിച്ചത് മുറുക്കാന്‍ ഡോക്ടറുടെ അടുത്ത് പോയിരുന്നുവത്രെ. പ്രവീണ്‍ ശനിയാഴ്ച മോഹന്‍ പോകുന്നതിനുമുന്പ് എത്തുന്നുണ്ട്. രണ്ടു എക്സ്പ്രസ്സ്‌ വിസ കിട്ടിയത് രേട്ടിയുടെ ഈമെയിലില്‍ അയച്ചുകൊടുത്തു. പോലീസ്‌ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഉടനെ അവരിങ്ങെത്തും. പ്രേമക്കും അഖിലിനും ജാമ്യം എടുക്കാന്‍ വിജു അവരോടൊപ്പം പോയിരുന്നു. ജയരാജന്റെ മകന്‍ ജിത്തുവിന്റെ കല്യാണത്തിന് കാര്യമായി ഒന്നും കൊടുക്കാന്‍ പറ്റിയില്ല. അതില്‍ അങ്ങേര്‍ക്കു വിഷമം ഉണ്ടെന്നു പിന്നീട് കുറെ ദിവസങ്ങള്‍ക്കു ശേഷം വന്ന ഇമെയിലില്‍ നിന്നും മനസ്സിലായി. ഇനി എപ്പോഴെങ്കിലും ഒരവസരം ഒത്തുവരുമ്പോള്‍ എന്തെങ്കിലും കാര്യമായി ചെയ്യണം.
നാട്ടില്‍ തറവാട്ടിലെ മരിച്ചുപോയ വത്സല ചേച്ചിയുടെ മകള്‍ വരുണയുടെ വിവാഹം കഴിഞ്ഞു. വീടിന്നടുത്ത്‌ പുതിയ താമസക്കാരില്‍ ഒരാള്‍ നിര്യാതനായി. വടക്കേ പറമ്പില്‍ പുതിയ വീട്ടുകാര്‍ താമസം തുടങ്ങി. എഞ്ചിനീയര്‍ ശ്രീകുമാര്‍ വീട് പണി തീര്‍ത്തു വീട്ടിലെക്കാവശമായ സാധന സാമഗ്രികള്‍ അടുപ്പിച്ചുകൊണ്ടിരിക്കുന്നു. കൊയംബതുരിലേക്ക് സ്ഥലം മാറ്റം ആയതുകൊണ്ടാവാം ഒറിയന്റല്‍ ബാങ്ക് മാനേജര്‍ മുരളി വീട് പണി തല്‍കാലം നിര്‍ത്തി വച്ചിരിക്കുന്നു. വേറെ ഒരു വീട് കൂടി പടിഞ്ഞാറെ പറമ്പില്‍ നിര്‍മാണം തുടങ്ങിയിരിക്കുന്നു. ജ്യേഷ്ടന്‍ രമേശ്‌ ആളുടെ വീട് പണി കഴിയാത്തതില്‍ അല്പം സംഘര്‍ഷത്തിലാണ്.
ബൈജു തിരിച്ചെത്തി. ആറു മാസത്തേക്കാണ് നിക്ഷേപകവിസ. രേസിടെന്റ്റ് കാര്‍ഡ്‌, ലിക്കര്‍ പെര്‍മിറ്റ്‌ എന്നിവ എടുത്തു. ഇനി ആറു മാസം കഴിഞ്ഞ് ഇവിടുത്തെ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ രണ്ടു വര്‍ഷത്തേക്കുള്ള വിസ ലഭിക്കും. ആളുമായി നേരത്തെ ഉണ്ടായിരുന്നതില്‍നിന്നും ചെറിയ വ്യത്യാസം വരുത്തി പുതിയ ധാരണയില്‍ എത്തി. ആളുടെ സഹായി ആയി എത്തിയിട്ടുള്ള പാലക്കാട്ടുകാരന്‍ പ്രജീഷിന്റെ കാര്യവും സംസാരിക്കേണ്ടി വന്നു.
ബംഗാളി ഫര്‍ഹാദിന് ഇതുവരെയും ബര്‍ക ഓഫീസിന്റെ വാടക കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതും ഞാന്‍ തന്നെ കൊടുക്കേണ്ടി വരും. അത് ഒഴിഞ്ഞു കൊടുത്തു അവസാനിപ്പിക്കാന്‍ നോക്കണം. ഇപ്പോള്‍ ഫര്‍ഹാദിനെ വിളിച്ചിട്ട് കിട്ടുന്നും ഇല്ല. എന്താണ് അവിടെ ഇപ്പോഴത്തെ നില എന്നറിയില്ല. ഒന്ന് അവിടം വരെ പോകേണ്ടി വരും.
23 September 2013
ഒന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ടാകാം എന്തെങ്കിലും എഴുതാനും തോന്നിയില്ല. ഇന്നലെ പ്രവീണ്‍ ചെന്നൈയിലേക്ക് തിരിച്ചു പോയി. അവന്റെ കൂട്ടുകാരന്‍ ലാജിയുടെ ജ്യേഷ്ടന്‍ ഇവിടെ ജയിലില്‍ ആണത്രേ. അയാള്‍ എന്തോ ബിസിനസ്സ് ചെയ്യുന്നുണ്ടായിരുന്നു. അതിന് കണ്ട മൂലധനം അയാള്‍ മുന്‍പേ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് തിരിമറി നടത്തിയതായിരുന്നെന്നും അതിന്റെ പേരില്‍ മുന്‍ സ്പോണ്സര്‍ കൊടുത്ത പരാതിയില്‍ റോയല്‍ ഒമാന്‍ പോലീസിന്‍റെ നടപടി ക്രമത്തിന്റെ ഭാഗമായിട്ടാണ് അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രവീണ്‍ വേറൊരു സുഹൃത്ത്‌ മുഖാന്തരം അറിഞ്ഞതായി വിജു പറഞ്ഞു.
ബര്‍ക ഓഫീസിന്‍റെ വാടക ഫര്‍ഹാദ് ഇതുവരേക്കും കൊടുത്തില്ല. എനിക്കും കൊടുക്കാന്‍ പറ്റിയില്ല. ഇന്നലെ ഹസ്സന്‍ ബഹ്രൈനി ഘാല ഓഫീസില്‍ വന്നിരുന്നു. ഹമദ് മസ്കരിയുടെ സാന്നിധ്യത്തില്‍ ബര്‍ക ഓഫീസി പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടും അവിടെയുള്ള രണ്ടു എയര്‍ കണ്ടിഷന്ര്‍, ഒരു സ്റ്റീല്‍ മേശ, കമ്പനി ബോര്‍ഡ്‌ എന്നിവ തിരിച്ചെടുത്തു സ്ഥലം കാലിയാക്കാമെന്നുമുള്ള തീരുമാനം ഹസ്സന്‍ ബഹ്രൈനി സമ്മതിച്ചതോടെ ആ ഒരു പ്രശ്നം ആശ്വാസകരമായി പരിഹരിക്കപ്പെട്ടു. വാടക കൊടുക്കണം. സാധനങ്ങള്‍ അവിടെനിന്നും മാറ്റണം.
ഘാല ഓഫീസ് ബാല്ദിയയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബിജുവിനെ ഏല്പിച്ചിട്ടുണ്ട്. ഇനി രേജിസ്ട്രെദ് ഓഫീസ് മന്ത്രാലയത്തില്‍ മാറ്റിച്ചു  പുതിയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കണം.
പ്രതാപ് രേട്ടിക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. രണ്ടു ദിവസത്തിനുള്ളില്‍ കിട്ടിയെക്കാമെന്നും ഇരുപത്തി അഞ്ചാം തീയതിയോടെ ഇവിടെ എത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
01.10.2013
ഇരുപത്തി എഴാം തിയതി വെള്ളിയാഴ്ച രേട്ടി എത്തി. എക്സ്പ്രസ്സ്‌ വിസയുടെ രണ്ടു ദിവസം വെറുതെ ആയി. ഞായറാഴ്ച മന്ത്രാലയം തുറക്കുമ്പോള്‍ അയാള്‍ക്കുവേണ്ടിയുള്ള വിസ നടപടിക്രമങ്ങള്‍ തുടങ്ങാം. വിസ മസ്കറ്റ് എയര്‍പോര്‍ട്ടില്‍ കൊടുക്കേണ്ടതില്ലെന്നും അല്ലാതെ തന്നെ വ്യാഴാഴ്ച വന്നുകൊള്ളാമെന്നും അയാള്‍ പറഞ്ഞിരുന്നെങ്കിലും വിസ കൊടുത്തു രസിതി വാങ്ങി വച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചു വിസ കൊടുത്ത രസിദ് ഇമെയില്‍ അയക്കാന്‍. എന്നിട്ടും ബുക്ക്‌ ചെയ്ത വിമാനയാത്ര നടന്നില്ല. ടിക്കറ്റ്‌ ക്യാന്‍സല്‍ ആയി പൈസയും തിരിച്ചു കിട്ടിയില്ല. അടുത്ത ദിവസത്തേക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പൈസ വേണമെന്ന് പറഞ്ഞത് അയച്ചുകൊടുത്തു.
നാല്പതു ശതമാനം ഓഹരി രണ്ടു പേരുടെ പേരിലായി വാങ്ങാമെന്നു ഉറപ്പിച്ചു പോയ ആള്‍ തനിയെ വന്നു പത്തു ശതമാനം ഓഹരിയില്‍ ഒതുങ്ങി. ഒരു എക്സ്പ്രസ്സ്‌ വിസ ക്യാന്‍സല്‍ ചെയ്യണം. എന്തെങ്കിലും ആകട്ടെ.
എന്‍ ബി ഒ യില്‍ നിന്ന് സമ്മര്‍ദം ഏറി വരുന്നു. വ്യാഴാഴ്ച സാലം അല്‍ ഹബ്സിയെ കണ്ടു. ഇനി തവണകളായി അടക്കാന്‍ അനുവദിക്കില്ലെന്നും, മുഴുവന്‍ തുകയും ഉടനെ തിരിച്ചു അടക്കാത്തപക്ഷം ഫയല്‍ ലീഗല്‍ സെല്ലിലേക്ക് കൈമാറുമെന്നും പറഞ്ഞു. അടുത്ത പ്രവര്‍ത്തി ദിവസമായ ഞായറാഴ്ച തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു പോന്നു. ഹമദ് മസ്കരിയെയും കൂട്ടിയാണ് ഞായറാഴ്ച സാലം അല്‍ ഹബ്സിയെ കാണാന്‍ ചെന്നത്. ഒരു മാസം സമയവും ഭേദപ്പെട്ട ഇളവും അനുവദിക്കുന്ന പക്ഷം മുഴുവന്‍ തുകയും തിരിച്ചടക്കാമെന്ന് സമ്മതിച്ചതനുസരിച്ചു മാനേജരുമായി ചര്‍ച്ച ചെയ്തു തീരുമാനം അവര്‍ നമ്മളെ രണ്ടു ദിവസം കഴിഞ്ഞ് അറിയിക്കും.
ഇന്നലെ ന്യൂ ഇന്ത്യ അസ്സുരന്‍സ് കമ്പനിയില്‍ നിന്ന് മുഹമ്മദ്‌ വന്നിരുന്നു. എല്ലാം അവസാനിപ്പിക്കേണ്ടതുണ്ട്. വൈകിക്കൊണ്ടിരിക്കുന്നു. കുറി കിട്ടിയതില്‍ ബാക്കി ഉള്ളതുകൊണ്ട് പറ്റാവുന്നത് ചെയ്യണം. അതേ ഇപ്പോള്‍ ഒരു വഴിയുള്ളൂ. നീക്കിയിരിപ്പുണ്ടെങ്കില്‍ ചെറുതുരുത്തിയില്‍ ഒരു ചെറിയ സ്ഥലം വാങ്ങാമെന്നുണ്ടായിരുന്നു. നെറ്റില്‍ നിന്നും ഒന്ന് തപ്പിയെടുക്കുകയും ചെയ്തു. ചുങ്കം എന്ന സ്ഥലം. ആറു സെന്ട്. ഏഴര ലക്ഷം രൂപ. ഉടമസ്ഥനെ വിളിച്ചു സംസാരിച്ചു. പക്ഷെ ഇനി ഇപ്പോള്‍ പറ്റില്ല. പിന്നീട് എപ്പോഴെങ്കിലുo അവസരമുണ്ടായാല്‍ നോക്കാം.  അല്ലെങ്കിലും നേരത്തെ ആസൂത്രണം ചെയ്തിട്ട് ഒന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അഹമ്മദാബാദിലെ പോരൂര്‍ ഈശ്വര്‍ അമി കൃപ ഹൌസിംഗ് കൊളോനിയിലെ ഫ്ലാറ്റ്, മനക്കൊടിയില്‍ അഡ്വാന്‍സ്‌ കൊടുത്ത സ്ഥലം, ഇവയൊന്നും എനിക്കുള്ളതായിരുന്നില്ല. യാതൊരു പദ്ധതിയും ഇല്ലാതിരുന്ന സമയത്താണ് ഇപ്പോഴത്തെ സ്ഥലം കൈവശം വന്നത്.
രണ്ടായിരത്തി ഏഴില്‍ ആണെന്ന് തോന്നുന്നു. ഡി എച് ല്‍ ഇല്‍ ജോലി. അവധിക്കു നാട്ടില്‍ പോയതാണ്. ഒരു വൈകുന്നേരം ചുമ്മാ നടക്കാനിറങ്ങി. വഴിയില്‍ നമ്പിടി ഉണ്ണി. സ്ഥിരം കുശലാന്വേഷണം. എന്നെത്തി? എന്ന് പോകും? ചിലവില്ലേ? വീട് വക്കുന്നില്ലേ? ഇത്യാതി. ങ്ഹാ. അഞ്ചോ പത്തോ സെന്ട് സ്ഥലം വാങ്ങണമെന്നുണ്ട്. പിന്നീട് എപ്പോഴെങ്കിലും സാധിച്ചാല്‍ ഒരു വീട് വക്കണം. ഉടനെ അങ്ങേരു തൊട്ടടുത്തുള്ള ഒരു സ്ഥലം കാണിച്ചു അത് നിനക്ക് കഴിവുണ്ടെങ്കില്‍ വാങ്ങിക്കോ എന്ന്. എന്നെ ഒന്ന് കൊച്ചാക്കിയതാണോ. സംശയം. ശരി. എന്നാല്‍ ഒന്ന് നോക്കിയിട്ട് തന്നെ കാര്യം. നേരെ ആ സ്ഥലത്തിന്റെ ഉടമസ്ഥന്റെ വീട്ടിലേക്കു വച്ച് പിടിച്ചു. ചെറുപ്പത്തില്‍ കളിയാക്കി കുട്ട്യാന എന്ന് ഞങ്ങള്‍ പറയാറുള്ള സ്വന്തം നാട്ടുകാരനും കുടുംബ സുഹൃത്തും ജ്യോതിഷിയും ആയ ബാലന്‍ പണിക്കര്‍. വീട് വെക്കാനുള്ള സമയം ആയിട്ടുണ്ടല്ലോ, സ്ഥലം വല്ലതും നോക്കി വച്ചിട്ടുണ്ടോ എന്ന് ഹൃദ്യമായ സംസാരത്തിനിടെ അദ്ദേഹം തിരക്കി. സ്ഥലം കണ്ടു. അത് വാങ്ങാന്‍ പറ്റുമോ എന്നറിയില്ല എന്ന് ഞാന്‍. ഏതാ സ്ഥലം – ബാലന്‍ പണിക്കര്‍. കൂട്ടാലെ അമ്പലത്തിന്റെ തെക്ക്, നമ്പിടി ഉണ്ണിയുടെ പറമ്പിന്റെ വടക്ക് ഉള്ള പറമ്പാണ് എന്ന് ഞാന്‍. എന്നാല്‍ അത് വാങ്ങിക്കൂടെ എന്ന് പണിക്കര്‍. അതിന് ഉടമസ്ഥന്‍ സമ്മതിക്കണം – ഞാന്‍. അത് നമ്മുടെ സ്ഥലം ആണ് അഛാ എന്ന് കേട്ടുനിന്ന അദ്ദേഹത്തിന്റെ മകന്‍ മുരളി. തരാം. മുപ്പത്തി അയ്യായിരം രൂപ സെന്റിന് വാടാനപിള്ളിയിലെ ഒരു മുസ്ലിം ചോദിച്ചിട്ടുണ്ട്. നാല്പത്തഞ്ചു സെന്ട് സ്ഥലം – പണിക്കര്‍. അമ്പലത്തിന്റെ സമീപം, അമ്പലവാസികളും ഹിന്ദുക്കളും താമസിക്കുന്ന ഭാഗത്ത്‌ മുസ്ലീമിന് തന്നെ സ്ഥലം കൊടുക്കണം എന്ന് പറഞ്ഞത് അദ്ദേഹത്തിന് ബോധ്യമായി. ഇരുപത്തഞ്ചില്‍ തുടങ്ങി മുപ്പതില്‍ കൊണ്ട് നിര്‍ത്തി, തിരിച്ചു വീട്ടില്‍ പോയി അന്ന് ആകെ ഉണ്ടായിരുന്ന അന്‍പതിനായിരം രൂപയുടെ ചെക്ക് മുന്‍കൂറായി നല്‍കി കച്ചവടം ഉറപ്പിച്ചു. ഒന്നിച്ചു വാങ്ങാന്‍ ഉള്ള ശേഷി ഇല്ലാത്തതുകൊണ്ടും, പത്തു സെന്ട് വാങ്ങാന്‍ ജ്യേഷ്ടന്‍ താല്പര്യം കാണിച്ചതുകൊണ്ടും അത്രയും കുറച്ചു ഇനി സംഘടിപ്പിച്ചാല്‍ മതിയല്ലോ എന്ന ആശ്വാസത്തോടെ പിറ്റേന്ന് തന്നെ മസ്കറ്റിലേക്ക് തിരിച്ചു പോരികയും ചെയ്തു. പിന്നീട് കരാര്‍ കാലാവധിക്കുള്ളില്‍ എച് ഡി ഫ് സി ഹൌസിംഗ് ലോണ്‍ സംഘടിപ്പിച്ചു സ്ഥലം രജിസ്റ്റര്‍ ചെയ്തു. നാല്പത്തി മൂന്നില്‍ പതിനഞ്ചു ജ്യേഷ്ടന് കൊടുത്തു ബാക്കി ഇരുപത്തെട്ടു സെന്‍ട്. ജീവിതത്തിലെ വലിയ ഒരു സംഭവം. അവിശ്വസനീയം എങ്കിലും സന്തോഷപ്രദം. പിന്നീട് തൃശ്ശൂര്‍ ബില്ടെര്സിനു കരാര്‍. വീട് പണി തീര്‍ന്നു താക്കോല്‍ വാങ്ങി പാലുകാച്ചല്‍ കഴിഞ്ഞതോടെ ഇരുപത്തെട്ടു ലക്ഷത്തിന്‍റെ ബാധ്യത. പതിനാറായിരത്തില്‍ നിന്ന് മുപ്പത്തി അയ്യായിരം രൂപ ആയി വലുതായ പ്രതിമാസ അടവ്. വീട്ടു ചിലവുകള്‍. കുട്ടികളുടെ പഠനം. അധിക വരുമാനം അനിവാര്യമായതുകൊണ്ട് ബിസിനെസ് സംരംഭം തുടങ്ങല്‍. ജോലി രാജി. ബിസിനെസില്‍ പരാജയം. നഷ്ടം. പിന്നീടങ്ങോട്ട് നിലനില്പിനുവേണ്ടിയുള്ള ശ്രമങ്ങള്‍. അതിപ്പോഴും തുടരുന്നു. ഏതാണ്ട് ഒന്നരക്കോടിയോളം ഉണ്ടായിരുന്ന ബാധ്യത ഇരുപത്തെട്ടിലെ പതിനാല് സെന്റു വിറ്റും, കമ്പനി ഷെയര്‍ കൊടുത്തും അറുപത്തഞ്ചു ലക്ഷത്തിലെത്തി നില്‍ക്കുന്നു. ആശ്വസിക്കാന്‍ വകയുണ്ടെങ്കിലും ബാക്കി കൂടെ തീര്‍ക്കാതെ സമാധാനം ആവില്ല. ഉദ്ദേശശുദ്ധിയോടെയുള്ള സമീപനത്തിന് ശരിയായ ഫലപ്രാപ്തി ഉണ്ടാകാതിരിക്കില്ല എന്ന് വിശ്വസിക്കുന്നു.
ഒക്ടോബര്‍ 7, 2013
വലീദ് എന്ന ഹമദ് മസ്കരിയുടെ സുഹൃത്ത്‌ ഇന്നലെ കോമെര്സ് മന്ത്രാലയത്തില്‍ രേട്ടിയുടെ കാര്യത്തിന് കൂടെ ഉണ്ടായിരുന്നു. വലീദിന്റെ കസിന്‍ എന്‍ ബി ഒ യിലെ ഒരു മാനേജര്‍ ആണ്. അദ്ദേഹം വഴി സാലം അല്‍ ഹബ്സിയെക്കൊണ്ട് അയ്യായിരത്തി അഞ്ഞൂറ് റിയാല്‍ സെട്ടില്മെന്റ്റ് തുക സംമതിപ്പിച്ച്ചതായി ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആറായിരത്തില്‍ കുറയില്ലെന്നും മാനേജരുടെ അംഗീകാരം വാങ്ങിയിട്ട് അറിയിക്കമെന്നുമാണ് സാലം പറഞ്ഞിരുന്നത്. ഇനി സാലം വിളിക്കുന്ന മുറക്ക് അവിടെ പോയി ഒക്ടോബര്‍ 30 തിയതിക്ക് ചെക്ക് കൊടുക്കണം. 21 നു കുറി പൈസ കിട്ടിയാല്‍ നാട്ടില്‍ നിന്ന് പൈസ ഇവിടെ എത്തിച്ചു ചെക്ക് ക്ലിയര്‍ ചെയ്തു ആ കടം അവസാനിപ്പിക്കാം.
October 10, 2013
ഹരൂണ്‍ ഇന്ന് സകുടുംബം നാട്ടിലേക്ക് പോകുന്നു. അയാളുടെ വണ്ടിയില്‍ അവരെ എയര്‍പോര്‍ട്ടില്‍ വിട്ടിട്ടു തിരിച്ചുവന്നു. വണ്ടി ഒ ടി ഇ യില്‍ സര്‍വീസ് ചെയ്യിക്കെണ്ടതുണ്ട്. രേട്ടിയെ ഓഫീസില്‍ ഇരുത്തിയിട്ടാണ് ഹാരൂണിനെ വിടാന്‍ പോയത്. ഇന്നാണ് കോമ്മെര്‍സ് മന്ത്രാലയത്തില്‍ ഷെയര്‍ ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍.  പക്ഷെ ഓഫീസില്‍ നിന്നും രേട്ടിയെയും കൂട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോളാണ ഹമദ് വിളിച്ചത്. കടലാസുകളെല്ലാം നടപടി ക്രമങ്ങള്‍ കഴിഞ്ഞ് കിട്ടിയെങ്കിലും സിസ്ടത്തില്‍ എന്റര്‍ ചെയ്യാന്‍ ആളില്ലെന്നതുകൊണ്ട് ഒപ്പിടല്‍ ഇന്ന് നടക്കുമെന്ന് തോന്നുന്നില്ല. ഇനി ഞായറാഴ്ച എന്ന ഒരു പ്രവര്‍ത്തി ദിവസം കഴിഞ്ഞാല്‍ ആറു ദിവസം ഈദ് അവധി. അപ്പോഴേക്കും എക്സ്പ്രസ്സ്‌ വിസ കാലാവധി തീരും. മിനിഞ്ഞാന്ന് കഴിയും എന്നാണ് വിചാരിച്ചത്. അത് ഇന്നേക്ക് മാറ്റി. ഇന്ന് ഇങ്ങനെയും.
മിനിഞ്ഞാന്ന് രുവിയില്‍ നിന്ന് തിരുച്ചു വരും വഴി ഹമടിനെ അല്‍ ഖുവൈറില്‍ ഇറക്കി വിട്ടപ്പോള്‍ ഒന്നര മണിയായിരുന്നു. വീട്ടില്‍ ഭക്ഷണം ഉണ്ടായിരുന്നില്ല. സോഹ വെജിറ്റെറിയന്‍ ഹോട്ടലില്‍ ഭക്ഷണം കഴിഞ്ഞ് ഇറങ്ങി, വണ്ടി സ്റ്റാര്‍ട്ട്‌ ആയില്ല. അത് അവിടെത്തന്നെ പാര്‍ക്ക്‌ ചെയ്തു പ്രജീഷിന്റെ വണ്ടിയില്‍ ഓഫീസിലെത്തി. പിന്നീട് രാത്രി ഹരൂണ്‍ വന്നു സ്റ്റാര്‍ട്ട്‌ ചെയ്തു തരികയും ഇവിടെ ഓഫീസിന്‍റെ പാര്‍ക്കിംഗ് ഇല്‍ കൊണ്ടുവരികയും ചെയ്തു. ഇനി അതിന് ബാറ്റെരി വാങ്ങണം. ഓയില്‍ സര്‍വീസ് ചെയ്യണം.
29 ഒക്ടോബര്‍ 2013

5500 റിയാല്‍ കുറി കിട്ടിയ പൈസയില്‍ നിന്ന് വരുത്തി വച്ചിട്ടുണ്ട്. കണ്ഫര്‍മേഷന്‍ കിട്ടിയാലുടന്‍ എന്‍ ബി ഒ ഇല്‍ അടക്കണം. അവര്‍ വീണ്ടും ലീഗല്‍ ചാര്‍ജ് 300 റിയാല്‍ കൂടി അടക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. അതിനുശേഷമേ എന്‍ ഒ സി തരികയുള്ളൂ. എന്ത് ചെയ്യാം. താജീര്‍ ഫിനാന്‍സ് കേസ് വക്കീലിനെ ഏല്പിക്കാന്‍ നടപടി എടുക്കുന്നുണ്ട്. വക്കീലിനും കൊടുക്കണ൦ മുന്നൂറു. എന്നാലെ കേസ് ഫയല്‍ ചെയ്യാന്‍ പറ്റൂ.
28.11.2013

അസൂയ ജനിക്കുമ്പോള്‍ യുദ്ധം തുടങ്ങുന്നു (1)

മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്നിടത്താണ് യുദ്ധം ആരംഭിക്കുന്നത്. മഹാഭാരതത്തിലൂടെ വ്യാസന്‍ നല്‍കുന്ന ഈ സന്ദേശം എക്കാലവും പ്രസക്തമാണ്. ഇന്ദ്രിയങ്ങള്‍ക്ക് ഹരം പകരുന്ന വിധത്തിലാണ് പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥം നിര്‍മിച്ചത്. അസുരശില്പിയായ മയനെ ഖാണ്ഡവവനം ദഹിപ്പിച്ചപ്പോള്‍ രക്ഷിച്ചതിനുള്ള കൈക്കൂലിയാണ് ഈ മഹാസൗധമെന്നു പറയ‍ാം. വാസസ്ഥലം എന്നലക്ഷ്യം മറന്ന് വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണിത് നിര്‍മിച്ചത്.
ഇവിടെ ക്ഷണം സ്വീകരിച്ച് അതിഥിയായാണ് സുയോധനനെത്തിയത്. സ്ഥലജല വിഭ്രാന്തിയില്‍പെട്ട് അദ്ദേഹം നിലംപതിക്കുമ്പോള്‍ പിടിച്ചെഴുന്നേല്പിച്ച് ക്ഷമാപണം നടത്തുകയായിരുന്നു വീട്ടുകാരിയായ പാഞ്ചാലി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ , വസ്ത്രങ്ങള്‍ സ്ഥാനംതെറ്റിയ സുയോധനന്റെ നഗ്നത കണ്ട് ചിരിക്കുകയാണ് ചെയ്തത്. ഈ നിമിഷത്തില്‍ മഹാഭാരതയുദ്ധത്തിന് വിത്തുപാകപ്പെട്ടു.
ഇതുപോലെ പാഞ്ചാലിയേയും പൊതുമധ്യത്തില്‍ വിവസ്ത്രയാക്കി പരിഹാസ്യപാത്രമാക്കുമെന്ന് ദുര്യോധനന്‍ മനസ്സിലുറപ്പിച്ചു. ഈ തീരുമാനമാണ് മഹാഭാരതയുദ്ധമായി പരിണമിച്ചത്.
നമ്മുടെ ഗൃഹനിര്‍മാണവും ആഘോഷങ്ങളും വസ്ത്രധാരണവുമെല്ല‍ാം പലപ്പോഴും മറ്റുള്ളവരെ വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണ് ലക്ഷ്യംവെയ്ക്കുന്നത്. പാണ്ഡവര്‍ രാജസൂയം നടത്തിയതുപോലുള്ള വിവാഹ മാമാങ്കങ്ങളും ബര്‍ത്ത്ഡേ പാര്‍ട്ടികളും ആത്യന്തികമായി അസൂയയും കലഹവുമാണ് ജനിപ്പിക്കുന്നത്.
ഏതു പ്രവര്‍ത്തിക്കുമുമ്പും ധ്യാനം അനിവാര്യമാണ്. അപ്പോള്‍ ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് വിവേചിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ പിന്നീട് പശ്ചാത്തപിക്കേണ്ടിവരില്ല. നരനാരായണ സംവാദമായിവേണം ഭഗവത്ഗീതയെ കാണാന്‍.
താത്പര്യം സാധ്യമായാല്‍ ഗ്രന്ഥം അപ്രസക്തം (2)

ഒരു ഗ്രന്ഥവും ഗ്രന്ഥത്തിനുവേണ്ടി രചിക്കപ്പെട്ടതല്ല. അറിവ് പകരുകയാണ് ഗ്രന്ഥത്തിന്റെ താത്പര്യം. ഇത് വായനക്കാരനിലേക്ക് പകരുന്നതോടെ ഗ്രന്ഥം അപ്രസക്തമാകും. എണ്ണയുടെ താത്പര്യം ചുറ്റും പ്രകാശം പരത്തുകയാണ്. വെളിച്ചം പകരുന്നതോടെ എണ്ണ ഇല്ലാതാകും. ഇതുപോലെ തന്നെയാണ് ഗ്രന്ഥവും. കേവലം പുസ്തക രൂപത്തില്‍ ഇതിനെ സമീപിക്കരുത്. വാക്കുകള്‍ക്കും ലിപികള്‍ക്കും അപ്പുറമുള്ളവയെ ആവാഹിച്ച മന്ത്രങ്ങളാണിത്.മനനം ചെയ്യുക വഴി ത്രാണനം ചെയ്യുന്നതാണ് മന്ത്രം. ഗ്രന്ഥത്തിന്റെ താത്പര്യത്തെ പ്രാപിക്കുകയാണ് വായനക്കാരന്‍ ചെയ്യേണ്ടത്.
പോള്‍വാള്‍ട്ടിന് ഉപയോഗിക്കുന്ന പോള്‍ (pole) പോലെയാണ് ശാസ്ത്രം. ലക്ഷ്യം പ്രാപിക്കുമ്പോള്‍ പോള്‍ കൈവിടുന്നു. ലക്ഷ്യത്തിലെത്തിക്കുക എന്നതാണ് പോളിന്റെ താത്പര്യം. ഭഗവദ്ഗീതയേയും ഈ മനോഭാവത്തോടെ സമീപിക്കണം.
തടിയന്‍ ഗീതാപുസ്തകം വാങ്ങി പട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ ഒരിക്കലും പ്രയോജനം സിദ്ധിക്കില്ല. സര്‍വ്വശാസ്ത്രങ്ങളുടെയും സാരസംഗ്രഹമാണ് ഭഗവദ്ഗീത. സകല ഉപനിഷത്തുകളും ചേര്‍ന്ന പശുവായി ഗീതയെ സങ്കല്പിക്ക‍ാം. ഇതിന്റെ കറവക്കാരനാണ് കൃഷ്ണന്‍. പശുക്കിടാവാകട്ടെ അര്‍ജുനനും. അര്‍ജുനന്റെ ചോദ്യങ്ങളാകുന്ന മുട്ടുകൊണ്ടാണ് ഗീതാമൃതം ചുരത്തപ്പെടുന്നത്. താമരയുടെ തേന്‍ നുകരുന്ന വണ്ടുകളെപ്പോലെ ഈ ഗീതാമൃതം നുകരുവാന്‍ സജ്ജനങ്ങള്‍ ലോകത്ത് എക്കാലവുമുണ്ടാകും. മൂല്യത്തിന് ആദരവ് കല്പിക്കുന്ന സമൂഹവും ഇതുവഴി സൃഷ്ടിക്കപ്പെടുന്നു.
രാഷ്ട്രീയത്തിലെയും മറ്റും അഴിമതി കണ്ട് നാട് നന്നാവില്ല എന്ന് വിധിക്കുന്നത് ശരിയല്ല. ഞാനൊരിക്കലും ഈ അഴിമതിക്ക് കൂട്ടുനില്‍ക്കില്ല എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ മതിയാകും.


കുരുക്ഷേത്ര യുദ്ധം വ്യക്തിമനസ്സിലെ ധര്‍മ്മസംഘര്‍ഷം (3)

വ്യക്തിമനസ്സിലെ ധര്‍മ്മാധര്‍മ്മ ചിന്തകളിലേക്കാണ് ഭഗവദ്ഗീത നമ്മെ നയിക്കുന്നത്. ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിലല്ല ഗീതയെ സമീപിക്കേണ്ടത്. സൂക്ഷ്മതലത്തില്‍ ജ്ഞാനചക്ഷുസ്സുകൊണ്ട് നോക്കുമ്പോള്‍ നമ്മുടെയുള്ളില്‍ തന്നെ ഈ കുരുക്ഷേത്ര യുദ്ധം കാണ‍ാം.
ധര്‍മ്മംഎന്ന വാക്കില്‍ ആരംഭിച്ച് മമഎന്ന വാക്കിലാണ് ഗീത അവസാനിക്കുന്നത്. മമ ധര്‍മ്മത്തെക്കുറിച്ചുള്ള - എന്റെ ധര്‍മ്മത്തെക്കുറിച്ചുള്ള - അന്വേഷണമായി ഇതു മാറണം. അപ്പോള്‍ മഹാഭാരതത്തിലെ കഥാപാത്രങ്ങളെ നമ്മുടെയുള്ളില്‍ത്തന്നെ കണ്ടെത്താനാകും.
അന്ധനായ ധൃതരാഷ്ട്രര്‍ കാണേണ്ടത് കാണേണ്ട രീതിയില്‍ കാണാത്ത വ്യക്തിമനസ്സിന്റെ പ്രതിനിധിയാണ്. ഒരു പുഷ്പത്തെ പല രീതിയില്‍ കാണ‍ാം. കച്ചവടക്കകണ്ണോടെ നോക്കുന്നവന്‍ അതിനെ വിറ്റ് കാശാക്കുന്ന കാര്യമാകും ചിന്തിക്കുക. കവിയുടെ കണ്ണില്‍ പുഷ്പം ഭാവനയുടെ സുന്ദരലോകമാകും തുറക്കുക. ഈ ധൃതരാഷ്ട്രത്വം കേരളത്തെയാകെ മലിനമാക്കിയിരിക്കുകയാണ്.
പന്മനയിലെ ആശ്രമവും നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസും ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ കോലാഹലങ്ങളായിരുന്നു. ഒരു പിഞ്ചുകുഞ്ഞിന് സര്‍ക്കാര്‍ ബ്ലഡ് ബാങ്കിലെ പിഴവുമൂലം എയ്ഡ്സ് ബാധിച്ചപ്പോള്‍ ശബ്ദിക്കാനാരുമുണ്ടായില്ല. മതങ്ങള്‍ മനുഷ്യപുരോഗതിക്ക് തടസ്സമാകുന്നതിന്റെ സൂചനയാണ് ഈ ധൃതരാഷ്ട്രത്വം. ഈ പള്ളിയും അമ്പലവുമില്ലെങ്കില്‍ കുറേക്കൂടി സമാധാനത്തോടെ കഴിയ‍ാം എന്ന അവസ്ഥയിലേക്ക് ധൃതരാഷ്ട്രത്വം നമ്മെ എത്തിച്ചിരിക്കുന്നു.
ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വായിക്കാനും രേഖപ്പെടുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേജ് സന്ദര്‍ശിക്കുക.
കൗരവപാണ്ഡവ യുദ്ധം ദുര്‍ഗുണ സദ്ഗുണ സംഘര്‍ഷം (4)

വ്യക്തിമനസ്സിലെ എണ്ണിയാലൊടുങ്ങാത്ത ദുര്‍ഗുണങ്ങളുടെ പ്രതീകമാണ് കൗരവര്‍. പാണ്ഡവരാകട്ടെ എണ്ണത്തില്‍ കുറഞ്ഞ സദ്ഗുണങ്ങളുടെ പ്രതീകവും. ഇവ തമ്മില്‍ വ്യക്തിക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷമാണ് കുരുക്ഷേത്ര യുദ്ധത്തിലൂടെ വെളിപ്പെടുന്നത്. ധര്‍മ്മഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുചേര്‍ന്ന എന്റെ ആളുകളും പാണ്ഡവരും എന്ത് ചെയ്തു എന്നാണ് ധൃതരാഷ്ട്രര്‍ സഞ്ജയനോട് ചോദിക്കുന്നത്. ഓരോ വ്യക്തിയും സ്വന്തം അന്തഃകരണത്തില്‍ ചോദിക്കേണ്ട ചോദ്യമാണിത്. ധര്‍മ്മഭൂമിയായ എന്റെയുള്ളില്‍ എന്നോട് ചേര്‍ന്നുനില്‍ക്കുന്ന ദുര്‍ഗുണങ്ങള്‍ക്കെതിരെ സദ്ഗുണങ്ങള്‍ എന്തെങ്കിലും ചെയ്തോ എന്നതാണ് ചോദ്യത്തിന്റെ സാരം. ദുര്യോധനന്‍ ധനം ദുര്‍വ്യയം ചെയ്യുന്നവനാണ് . ദുശ്ശാസനനാകട്ടെ തെറ്റായ ശാസനകള്‍ പുറപ്പെടുവിക്കുന്നവനും. ഇത്തരം അസംഖ്യം ദുര്‍ഗുണങ്ങള്‍ക്കുമേല്‍ ആത്മവിഷയ തല്പരരായ പാണ്ഡവര്‍ എന്തുചെയ്തു എന്നാണ് അന്വേഷിക്കേണ്ടത്.
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ പൂരണമാണ് ധൃതരാഷ്ട്രരുടെ ചോദ്യത്തിലൂടെ വ്യാസന്‍ നിര്‍വഹിക്കുന്നത്. വാനരനില്‍ നിന്ന് നരനിലേക്കുള്ള പരിവര്‍ത്തനമാണ് ഡാര്‍വിന്‍ അവതരിപ്പിച്ചത്. വ്യാസനാകട്ടെ നരനില്‍ നിന്ന് നാരായണനിലേക്കുള്ള പരിവര്‍ത്തനത്തെയും. ഇത് പുരുഷനില്‍ നിന്ന് പുരുഷോത്തമനിലേക്കും മാനവനില്‍ നിന്ന് മാധവനിലേക്കുമുള്ള പരിണാമമാണ്.
ധൃതരാഷ്ട്രരുടേത് പ്യൂപ്പ അവസ്ഥയാണെങ്കില്‍ സഞ്ജയനിലൂടെയും അര്‍ജുനനിലൂടെയും കടന്ന് ശ്രീകൃഷ്ണനിലെത്തുമ്പോള്‍ അത് ചിത്രശലഭമായി മാറുന്നു. ഈ പരിവര്‍ത്തനം സാധ്യമാക്കുന്നതിന് ധൃതരാഷ്ട്രരുടെ ചോദ്യം ഓരോ വ്യക്തിയും മനസ്സില്‍ സദാ ഉന്നയിക്കണം.
അഹംഭാവം മനസ്സിലെ ദുര്യോധനത്വം (5)

ഓരോരുത്തരുടെയും ഉള്ളിലെ ദുര്യോധനത്വമാണ് അഹംഭാവമായി പ്രകടിപ്പിക്കുന്നത്. എവിടെയും ആളാകാന്‍ ശ്രമിക്കുന്നതും വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വളച്ചുകെട്ടി സംസാരിക്കുന്നതും ആദരിക്കേണ്ടവരോട് പോലും അധികാരഭാവത്തില്‍ സംസാരിക്കുന്നതും അതിന്റെ  ലക്ഷണമാണ്. ഗീതയിലെ ഒന്നാമധ്യായത്തില്‍ത്തന്നെ ദുര്യോധനന്‍ ദ്രോണരുമായി നടത്തുന്ന സംഭാഷണം അതിനു തെളിവാണ്. അങ്ങയുടെ മുഖ്യശത്രുവിന്റെ മകനായ ധൃഷ്ടദ്യുമ്നന്‍ നയിക്കുന്ന പാണ്ഡവ സൈന്യത്തെ നോക്കൂ എന്നാണ് പരിചയപ്പെടുത്തുന്നത്. പക ആളിക്കത്തിക്കാന്‍ പോന്ന സംഭാഷണം.
സ്വന്തം സൈന്യത്തെ ദ്രോണര്‍ക്കു പരിചയപ്പെടുത്തുക എന്ന സാഹസവും ദുര്യോധനന്‍ കാണിക്കുന്നുണ്ട്.എന്റെ സൈന്യത്തിലും ശ്രേഷ്ഠരുണ്ട്. അങ്ങും ഭീഷ്മരും എന്നാണ് ദുര്യോധനന്‍ പറയുന്നത്. ഭീഷ്മര്‍ മനുഷ്യരിലെ ഭയത്തിന്റെയും ദ്രോണര്‍ രണ്ടെന്ന ഭാവത്തിന്റെയും പ്രതീകമാണ്.
രണ്ടായി കാണുന്ന ഭാവമാണ് ഭയവും ഭ്രമവുമുണ്ടാക്കുന്നത്. പ്രധാന ഭയം മരണഭയമാണ്. മരണഭയവും ഏറെ പഴക്കം ചെന്ന പിതാമഹനാണ്. ഭീഷ്മരെ ജയിക്കാന്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിയേ മതിയാകൂ. ശിഖണ്ഡി ശിഖ (കുടുമ) മുറിച്ചവനാണ്. ശിഖ ലോകവുമായുള്ള ബന്ധത്തിന്റെ പ്രതീകമാണ്. സന്ന്യാസത്തിനു പോകുമ്പോഴാണ് ശിഖ മുറിക്കുന്നത്. സന്ന്യാസം എല്ലാ ദ്വൈതഭാവങ്ങളുടെയും അവസാനമാണ്. അവിടെ സ്ത്രീയോ, പുരുഷനോ ഇല്ല. ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ഇല്ല. ഈ സന്ന്യാസഭാവത്തെ മുന്‍നിര്‍ത്തിയേ മരണഭയമെന്ന മഹാഭയത്തെ ജയിക്കാന്‍ പറ്റൂ, പാണ്ഡവ സൈന്യമാവട്ടെ സത്യം, ദൃഢത, മോക്ഷം, അറിവ്, പരാക്രമം, ദാനം തുടങ്ങിയ സദ്ഗുണങ്ങളുടെ പ്രതിനിധാനമാണ്.
ഭീമനും അര്‍ജുനനും സമന്മാരായവരാണ് എല്ലാവരും. ഭീമന്‍ മഹത്തായ കര്‍മ്മത്തെയും അര്‍ജുനന്‍ ഋജുത്വമാര്‍ന്ന അറിവിനെയും പ്രതിനിധീകരിക്കുന്നു. പാണ്ഡവപക്ഷത്തെ വലിയ വില്ലേന്തിയ മഹാരഥന്മാരായാണ് ഗീത വര്‍ണിക്കുന്നത്. പ്രണവമന്ത്രമാണ് വില്ല്. ശരം ആത്മാവാണ്, അവനവനാണ്. ബ്രഹ്മമാണ് ലക്ഷ്യം. എയ്താല്‍ ശരവും ലക്ഷ്യവും ഒന്നായിത്തീരുന്നു. ഈ യുദ്ധമാണ് ധര്‍മ്മയുദ്ധം. ഈ ആന്തരികയുദ്ധമാണ് ഗീതയിലെ യുദ്ധം.അല്ലാതെആയുധം കൊണ്ടുള്ള ഒരു യുദ്ധവും ഒരുകാലത്തും ഒരാള്‍ക്കും ധര്‍മ്മമോ, ശാന്തിയോ ഉണ്ടാക്കിയിട്ടില്ല. ദുഃഖം മാത്രമേ നല്‍കിയിട്ടുള്ളൂ.
വിശ്വാമിത്രനാവാന്‍ ഗീതോപദേശം (6)

ഓരോരുത്തരും വിശ്വാമിത്രനായി, വിശ്വത്തിന്റെ മുഴുവന്‍ കൂട്ടുകാരനായി മാറണമെന്ന് സ്വാമി സന്ദീപ് ചൈതന്യ പറഞ്ഞു. ആരോടും ശത്രുതയില്ലായ്മയാണ്, എല്ലാവരിലും തന്നെ ദര്‍ശിക്കാന്‍ കഴിയലാണ് ഗീത ഉപദേശിക്കുന്നത്; ആരുടെയെങ്കിലും നെഞ്ചിലേക്ക് അമ്പയക്കാനല്ല.
മഹാരഥന്മാരെന്നാല്‍ ഒറ്റയ്ക്ക് പതിനായിരം പേരോട് യുദ്ധം ചെയ്യാന്‍ കഴിയുന്നവരാണ്. എല്ലാവരും മഹാരഥന്മാരാണ്. ആയിരക്കണക്കിന് വികാരവിചാരങ്ങളോട് പൊരുതി ജയിക്കാന്‍ ഏവര്‍ക്കും കഴിയും. അവയ്ക്കനുസരിച്ച് ജീവിക്കുകയല്ല വേണ്ടത്.
ഇന്ദ്രിയങ്ങളെ - ആഗ്രഹങ്ങളെ - ജയിക്കാന്‍ കഴിയുന്നവനാണ് ദശരഥന്‍. ഇന്ദ്രിയങ്ങളെ അടക്കിയാല്‍ മനസ്സ് അയോദ്ധ്യ അഥവാ ശാന്തമായ അവസ്ഥ ആകും. ആയോധനം നിലച്ച ഭൂമിയാണ് അയോധ്യ. അപ്പോള്‍ ബോധം, അതായത് രാമന്‍ ജനിക്കും. സീത മനസ്സാണ്. സ്വര്‍ണമാനിനെ കണ്ട് മനസ്സ് വിഷയാസക്തിയിലേക്ക് പോകുന്നു. ബോധത്തില്‍ നിന്ന് മനസ്സ് പോകുന്ന ദുഃഖമാണ് രാമന്റേത്.
സ്വര്‍ണമൂടികൊണ്ട് സത്യത്തിന്റെ മുഖം മറച്ചിരിക്കുന്നു എന്ന് ഉപനിഷത് പറയുന്നു. നാമത്തിലും രൂപത്തിലും ആകൃഷ്ടരായി അതിനപ്പുറത്തുള്ള സത്യം അറിയാതെ പോകുന്നു. ഇടക്കിടെയുണ്ടാകുന്ന രാമസ്മരണ (ബോധസ്മരണ) കൊണ്ടാണ് അശോകവനിയെന്ന ദുഃഖമില്ലാത്തിടത്ത് സീതയ്ക്കു കഴിയാനാകുന്നത്. ധര്‍മ്മം നശിക്കാത്തതും ക്ഷേത്രം ക്ഷയിക്കുന്നതുമാണ്. നശിക്കുന്നതും നശിക്കാത്തതുമായ സംയോഗമാണ് ധര്‍മ്മക്ഷേത്രം. അത് സാധ്യമായാല്‍ അനശ്വരനാണെന്ന് അറിയാന്‍ കഴിയും. ധര്‍മ്മം സ്വീകരിക്കുന്നവര്‍ക്ക് നാശമുണ്ടാകില്ല.
ഭാരതീയ ദര്‍ശനം ആരും സൃഷ്ടിച്ചതല്ലെന്ന് സ്വാമി വിശദീകരിച്ചു. ഋഷിമാര്‍ മന്ത്രത്തെ കണ്ടവരാണ്, നിര്‍മിച്ചവരല്ല. ജനിച്ചതിന് മരണമുണ്ട്. നിര്‍മിച്ചതിന് നാശമുണ്ട്. എന്നാല്‍ നിര്‍മിക്കാത്തതിനെ നശിപ്പിക്കാന്‍ സാധ്യമല്ല. ശാസ്ത്രത്തെ അശുദ്ധമാക്കാന്‍ ആരു വിചാരിച്ചാലും പറ്റില്ല. ആരും ഒരുസമയത്തും ശാസ്ത്രം പഠിക്കാന്‍ അയോഗ്യരുമല്ല. പക്ഷെ മുന്‍വിധികളോടെ ശാസ്ത്രത്തെ സമീപിച്ചാല്‍ സത്യം അറിയാനോ, സൗന്ദര്യം അനുഭവിക്കാനോ കഴിയാതെ പോകും.
കര്‍ണനാരെന്ന രഹസ്യം അറിഞ്ഞാല്‍ യുദ്ധമുണ്ടാകില്ല (7)

കര്‍ണനാരെന്ന രഹസ്യം അറിഞ്ഞാല്‍ യുദ്ധങ്ങളുണ്ടാകില്ല. കര്‍ണന്‍ സഹോദരനാണ്. നമ്മുടെ ശത്രുപക്ഷത്ത് കര്‍ണനാണ്. ന‍ാം ഇല്ലാതാക്കാനാഗ്രഹിക്കുന്ന ആളുടെ ഭൂതകാലം അന്വേഷിച്ചു ചെന്നാല്‍ ന‍ാം പിറന്ന അതേ വിശ്വയോനിയിലൂടെയാണ് അയാളും ജനിച്ചതെന്നറിയ‍ാം. മാതൃത്വം ഒന്നെന്നറിഞ്ഞാല്‍ പിന്നെ വിദ്വേഷമില്ല. ആ അറിവാണ് യഥാര്‍ഥ ജ്ഞാനം.
പാകിസ്താനോട് വിദ്വേഷം പുലര്‍ത്തുന്നതാണ് ദേശാഭിമാനമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതുതെറ്റാണ്. വിദ്വേഷത്തിലൂടെ സത്യം അറിയാന്‍ സാധ്യമല്ല. മുഴുവന്‍ പാകിസ്താനും കര്‍ണനെ പ്രതിനിധാനം ചെയ്യുന്നു.
പാഞ്ചജന്യവും ദേവദത്തവും മുഴക്കി അഗ്നിഭഗവാന്‍ നല്‍കിയ രഥത്തിലേറിയുള്ള കൃഷ്ണാര്‍ജുനന്മാരുടെ രംഗപ്രവേശം മനുഷ്യവംശത്തിന്റെ ജനനത്തെയാണ് സൂചിപ്പിക്കുന്നത് . മനുഷ്യജന്മം മറ്റു ജന്മങ്ങളേക്കാള്‍ ശ്രേഷ്ഠമാണെന്ന് പറയുന്നത് വിവേകമുള്ളതു കൊണ്ടാണ്. മറ്റു മൃഗങ്ങള്‍ക്ക് ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നിവയേയുള്ളൂ. ചെയ്യാനും ചെയ്യാതിരിക്കാനും മറിച്ചു ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് വിവേകം.
വെളുത്ത കുതിരകള്‍ ശുദ്ധമായ ഇന്ദ്രിയങ്ങളുടെ പ്രതീകമാണ്. മഹത്തായ അറിവ്(ബോധം) ഭഗവാന്റെ രൂപത്തില്‍ രഥത്തിലിരിക്കുന്നു. ഓരോ ശിശുവിലും മാധവനുണ്ട്. രഥം അഗ്നി നല്‍കിയതെന്ന സങ്കല്പം ജീവന്‍ സൂര്യനില്‍ നിന്നു വരുന്നതിന്റെ പ്രതീകമാണ്.
പഞ്ചജനന്‍ എന്ന അസുരനെ കൊന്നാണ് അസരന്‍ ഒളിച്ചിരുന്ന ശംഖ് പാഞ്ചജന്യം കൃഷ്ണനുലഭിച്ചത്. പഞ്ചജനന്‍ അഞ്ചിന്ദ്രിയങ്ങളില്‍ രമിച്ചവനാണ്. ഇന്ദ്രിയ വിഷയങ്ങള്‍ സത്യമെന്നു കരുതി ജീവിക്കുന്നവരാണ് അസുരന്മാര്‍ . അവര്‍ക്ക് സുദര്‍ശനം (നല്ലകാഴ്ചപ്പാട്) നല്കി ബോധത്തിലേക്കുണര്‍ത്തുകയാണ് ഭഗവാന്‍. ഇന്ദ്രിയനിഗ്രഹം നടത്തിയ ശേഷം പാഞ്ചജന്യം ധര്‍മ്മകാഹളത്തിനായി ഉപയോഗിക്കുന്നു. ന‍ാം തന്നെ പാഞ്ചജന്യമായി മാറുന്നു.
പരിസ്ഥിതിനാശം മനുഷ്യനാശം (8)

സമഷ്ടി മഹാഭൂതങ്ങളെ നന്നായി പരിപാലിച്ചാലേ വ്യഷ്ടിയില്‍ സുഖകരമായ അനുഭവങ്ങളുണ്ടാകൂ. ആകാശം, ജലം, ഭൂമി, വായു, അഗ്നി എന്നീ പഞ്ചഭൂതങ്ങള്‍ കൊണ്ടാണ് സര്‍വവും സൃഷ്ടിച്ചിരിക്കുന്നത്. സമഷ്ടിജലം മലിനമാക്കപ്പെട്ടാല്‍ വ്യഷ്ടിയിലെ ജലസംവിധാനവും തകരാറിലാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു.
അഭിമന്യു അഭിമാനമാണ്. ചക്രവ്യൂഹം ഈ ലോകം തന്നെയായ കര്‍മവ്യൂഹവും. അവനവനാകുന്ന രഥത്തില്‍ അഹം എന്ന ഭാവത്തില്‍ ഇരുന്നാല്‍ രക്ഷപ്പെടാനാകില്ല. പ്രവൃത്തിമാര്‍ഗവും നിവൃത്തിമാര്‍ഗവും അറിയണം. സംസാരസാഗരത്തില്‍ നിന്ന് എങ്ങനെയാണ് പുറത്തു കടക്കുക എന്നറിയണം.
പാണ്ഡവരുടെ ശംഖനാദം പോലെയാകണം ഓരോരുത്തരുടെയും ശബ്ദം. അത് സദ്ഗുണങ്ങളുടെ ഘോഷമാണ്. കൗരവപക്ഷത്തെ കീറിമുറിച്ചു കടന്നുചെന്ന ഈ ശംഖനാദം ആകാശത്തെയും ഭൂമിയെയും കിടിലം കൊള്ളിച്ചുകൊണ്ട് മാറ്റൊലിക്കൊണ്ടു എന്ന് ഗീത പറയുന്നു.അജ്ഞാതകേന്ദ്രത്തിലേക്ക് ചെല്ലുന്ന സദ്ഘോഷങ്ങള്‍ കാലദേശാതീതമായി നിലനില്‍ക്കുമെന്നാണ് ഇവിടെ വിവക്ഷ. ഇന്ദ്രിയങ്ങളില്‍ വിഹരിക്കുന്നതല്ല ഞാന്‍ എന്നറിഞ്ഞാല്‍ നമ്മുടെ സംസാരത്തിലും ഈ ശക്തിയുണ്ടാകും. ആ വാക്കിന് അജ്ഞാനത്തെ ഇല്ലാതാക്കാനും സാന്ത്വനം പകരാനും കഴിയും.
നമ്മുടെ വാക്കുകള്‍ ഇപ്പോള്‍ മിക്കപ്പോഴും ഭയവും സംശയവും ഉണ്ടാക്കുന്നവയാണ്.അപരന്റെ ശാന്തിയും സമാധാനവും കളയുകയാണ് പലരും. വാക്കുകള്‍ കേള്‍വിക്കാരുടെ മനസ്സില്‍ മുളപ്പിക്കുന്ന വിത്തുകള്‍ അജ്ഞാനം കളയുന്നതോ വളര്‍ത്തുന്നതോ എന്ന് ഏവരും ചിന്തിക്കണം. അറിയാത്തത് അറിയില്ലെന്നു പറയാനുള്ള അറിവാണ് കേമമായ അറിവ്. അറിയാത്ത കാര്യത്തില്‍ ആധികാരികമായ അഭിപ്രായം പറഞ്ഞ് പലരും മറ്റുള്ളവരെ കുഴപ്പത്തില്‍ ചാടിക്കുകയാണ്.
ഭജ ഗോവിന്ദം




ഭജ ഗോവിന്ദം
ലൗകിക ജീവിതത്തിണ്റ്റെ അർത്ഥ്ശൂന്യത കാണിക്കുന്ന വരികളിലൂടെ മോഹത്തെ ദൂരികരിക്കുന്നതിനാലാണ്‌ ഇതിനെ മോഹമുദ്ഗരയെന്ന്‌ പറയുന്നത്‌. അവസാന നാളിൽ നീ ഇപ്പോൾ പഠിക്കുന്നതൊന്നും നിന്റെ രക്ഷയ്ക്ക്‌ ഉണ്ടാവില്ലെന്നതിനാൽ നീ ഗോവിന്ദനെ ഭജിക്കൂ എന്നതാണ്‌ ഒന്നാമത്തെ ശ്ളോകത്തിണ്റ്റെ അർത്ഥം. ഭജന പോലെ പാടുമ്പോൾ ഓരോ ശ്ളോകത്തിനും ശേഷം ഒന്നാമത്തെ ശ്ളോകം ആവർത്തിക്കുന്നതുകൊണ്ട്‌ ഇതിന്‌ എറെ കേട്ടറിവുള്ള പേരാണ്‌ ഭജഗോവിന്ദം


ദേശാടനം ചെയ്യുന്നവേളയിൽ ആദി ശങ്കരൻ വ്യാകരണ സംബന്ധിയായ സംസ്കൃത ശ്ളോകങ്ങൾ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിയെ കാണുവാനിടയായി. അദ്ദേഹം ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പതു ശ്ളോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌.


തരംഗിണി വൃത്തത്തിൽ എഴുതിയിരിക്കുന്ന ഈ കവിതയിൽ ആദ്യം പന്ത്രണ്ട്‌ ശ്ളോകങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഇത്‌ ദ്വാദശമഞ്ജരികാ സ്തോത്രം എന്ന്‌ അറിയപ്പെടുന്നു. ശങ്കരാചാര്യരുടെ പതിനാലു ശിഷ്യൻമാർ ഇതിലേക്ക്‌ ഓരോ ശ്ളോകം വീതം എഴുതിച്ചേർത്തു. ഇത്‌ ചതുർദശ മഞ്ജരികാസ്തോത്രം എന്ന്‌ അറിയപ്പെടുന്നു. ആചാര്യർ പിന്നീട്‌ നാലു ശ്ളോകങ്ങൾ കൂടി എഴുതിച്ചേർത്തു. ഇങ്ങനെയാണ്‌ മോഹമുദ്ഗരയിൽ മുപ്പതു ശ്ളോകങ്ങളുണ്ടായത്‌.


ദ്വാദശ മഞ്ജരികാ സ്തോത്രം
 
ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢംതേ
സം‌പ്രാപ്തേ സന്നിഹിതേ കാലേ*
നഹി നഹി രക്ഷതി ഡുകൃഞ്കരണേ.......1
(പാഠഭേദം: സം‌പ്രാപ്തേ സന്നിഹിതേ മരണേ)



 

മൂഢ ജഹീഹി ധനാഗമതൃഷ്ണാം
കുരു സദ്ബുദ്ധിം മനസ്സി വിതൃഷ്ണാം
യല്ലഭസേ നിജകര്മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം.......
ഹേ മൂഢാ, ധനാഗമത്തിണ്റ്റെ തൃഷ്ണ നീ ത്യജിച്ച്‌ മനസ്സിൽ നല്ല വിചാരം വളർത്തൂ. നിന്റെ കർമ്മത്തിന്റെ ഫലമായി നിനക്ക്‌ എന്ത്‌ ലഭിക്കുന്നുവോ, അതുകൊണ്ട്‌ മനസ്സിനെ തൃപ്തിപ്പെടുത്തൂ.
 
നാരീസ്തനഭരനാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതെന്മാംസവസാദിവികാരം
മനസ്സി വിചിന്തയ വാരം വാരം......3
സ്ത്രീയുടെ സുന്ദരമായ ശരീരഭംഗി കണ്ട്‌ മനസ്സിൽ മോഹാവേശം കൊള്ളാതിരിക്കൂ. ഇത്‌ മജ്ജ, മാംസം, കൊഴുപ്പ്‌ ആദിയായവയുടെ സമ്മേളനം മാത്രമാണെന്ന്‌ മനസ്സിൽ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കൂ.
 
നളിനീദളഗതജലമതിതരളം
തദ്വജ്ജീവിതംഅതിശയചപലം
വിദ്ധി വ്യാധ്യഭിമാനഗ്രസ്തം
ലോകം ശോകഹതം ച സമസ്തം.....
താമരപ്പൂവിന്റെ ദലത്തിലിരിക്കുന്ന നീർത്തുള്ളിയോളം അതിശയകമാം വണ്ണം ചപലമാണ്‌ ജീവിതവും. വ്യാധിയും അഹങ്കാരവും കൊണ്ട്‌ സമസ്ത ലോകവും ശൊകത്തിണ്റ്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നുവെന്ന്‌ നീ അറിയൂ. [1]
 
യാവദ്വിത്തോപാർജ്ജനസക്ത-
സ്താവനിജപരിവാരോ രക്ത:
പശ്ചാജ്ജീവതി ജർജ്ജരദേഹേ
വാർത്താം കോfപി ന പൃച്ഛതി ഗേഹേ......
എത്രത്തോളം കാലം നിനക്ക്‌ ധനം ആർജ്ജിക്കാൻ കഴിയുന്നുവോ അത്രത്തോളം കാലം മാത്രമേ നിനക്ക്‌ പരിവാരവും ഉണ്ടാകൂ. പിന്നീട്‌ ദുർബല ദേഹവുമായി ജീവിക്കുമ്പോൾ ഒരു വാക്ക്‌ പോലും ചോദിക്കാൻ ആരും ഉണ്ടാവുകയില്ല.
 
യാവത്പവനോ നിവസതി ദേഹേ
താവൽ പൃച്ഛതി കുശലം ഗേഹേ
ഗതവതി വായൌ ദേഹാപായേ
ഭാര്യാ ബിഭ്യതി തസ്മിൻ കായേ.......
എത്രത്തോളം കാലം ദേഹത്ത്‌ പ്രാണൻ നിൽനിൽക്കുന്നുവോ അത്രത്തോളം കാലമേ നിന്റെ ക്ഷേമം നിന്റെ വീട്ടുകാർ നോക്കുകയുള്ളൂ. പ്രാണൻ പോയി ദേഹം ചീഞ്ഞു തുടങ്ങിയാൽ ഭാര്യ പോലും ആ ദേഹം കണ്ട്‌ ഭയക്കുന്നു.
 
ബാലസ്താവത് ക്രീഡാസക്ത-
സ്തരുണസ്താവൽ തരുണീസക്ത:
വൃദ്ധസ്താവച്ചിന്താസക്ത:
പരേ ബ്രഹ്മണി കോfപി ന സക്ത:.....
ഒരുവൻ ബാലനായിരിക്കുന്നിടത്തോളം കാലം കളികളിൽ ആസക്തനായിരിക്കുന്നു. ഒരുവൻ യുവാവായിരിക്കുന്നിടത്തോളം കാലം യുവതിയിൽ ആസക്തനായിരിക്കുന്നു. ഒരുവൻ വൃദ്ധനായിരിക്കുന്നിടത്തോളം കാലം വ്യാകുല ചിന്തകളിൽ ആസക്തനായിരിക്കുന്നു. എന്നാൽ ഒരു കാലത്തും ഒരാളും സർവ്വേശ്വരനിൽ ആസക്തനാകുന്നില്ല.
 
കാ തേ കാന്താ കസ്തേ പുത്ര:
സംസാരോfയമതീവ വിചിത്ര:
കസ്യ ത്വം ക: കുത ആയാത-
സ്തത്ത്വം ചിന്തയ തദിഹ ഭ്രാത:.....
ആരാണു നിണ്റ്റെ ഭാര്യ, ആരാണു നിന്റെ പുത്രൻ, ഈ ലോക ജീവിതം അതീവ വിചിത്രമാണ്‌. ആരാണു നീ, എന്താണു നീ, എവിടെ നിന്നും വന്നു എന്നു നീ ചിന്തിക്കൂ സഹോദരാ. [2]
 
സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിർമ്മോഹത്വം
നിർമ്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തി:......
സത്‌ സംഗത്തിൽ (നല്ല കൂട്ടുകെട്ട്‌) നിന്നും നിസ്സംഗത ഉണ്ടാവുന്നു. നിസ്സംഗതയിൽ നിന്ന്‌ മോഹശൂന്യത ഉണ്ടാവുന്നു. നിർമോഹത്തിൽ നിന്ന്‌ (മനസ്സിന്റെ) നിശ്ചലതത്വം ഉണ്ടാവുന്നു. ഇത്‌ ജീവിത മോക്ഷത്തിന്‌ വഴിയൊരുക്കുന്നു.
 
വയസി ഗതേ ക: കാമവികാര:
ശുഷ്കേ നീരേ ക: കാസാര:
ക്ഷീണേ വിത്തേ ക: പരിവാര:
ജ്ഞാതേ തത്ത്വേ ക: സംസാര:.......
വയസ്സായിക്കഴിഞ്ഞാൽ കാമമെവിടെ, വെള്ളം വറ്റിപ്പോയാൽ തടാകമെവിടെ, ധനം ശോഷിച്ചുപോയാൽ പരിവാരമെവിടെ, പരമ തത്ത്വമറിഞ്ഞാൽ ലൌകിക ദുഃഖമെവിടെ.
 
മാ കുരു ധന ജന യൌവന ഗർവം
ഹരതി നിമേഷാൽ കാല സർവം
മായാമയമിദമഖിലം ബൂധ്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ .....
നിണ്റ്റെ ധനം, പരിജനം, യൌവനം എന്നിവയിൽ ഒരിക്കലും ഗർവിക്കാതിരിക്കൂ. ഒരു നിമിഷം കൊണ്ട്‌ കാലം സർവവും തകർക്കും. ഇതു മുഴുവനും മായയാണെന്നറിഞ്ഞ്‌ ബ്രഹ്മപദം മനസ്സിലാക്കി അതിലേക്ക്‌ പ്രവേശിക്കൂ.
 
ജടലീ മുണ്ഡീ ലുഞ്ചിത കേശ:
കാഷായാംബര ബഹുകൃത വേഷ:
പശ്യന്നപി ച ന പശ്യതി മൂഢോ
ഹ്യുദരനിമിത്തം ബഹുകൃത വേഷ:....
ജടാ ധാരി, തല മുണ്ഡനം ചെയ്തയാൾ, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാൾ (ബുദ്ധ സന്യാസിമാർക്കിടയിൽ ഇത്തരം രീതിയുണ്ട്‌) ഇങ്ങനെ കാഷായ വേഷം ധരിച്ച പല വിധ വേഷങ്ങൾ. (സത്യമെന്തെന്ന്‌)കാണുന്നുണ്ടെങ്കിലും (സത്യം) കാണത്ത മൂഢൻമാർ - തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പല വിധ വേഷം ധരിച്ചവർ
 
ദ്വാദശ മഞ്ജരികാഭിരശേഷഃ
കഥിതോ വൈയ്യാകരണസ്യൈഷഃ
ഉപദേശോദ്ഭൂത്‌ വിദ്യാനിപുണൈഃ
ശ്രീമത്ച്ചങ്കര ഭഗവച്ചരണൈഃ
ചതുർദശ മഞ്ജരികാസ്തോത്രം
ആചാര്യരുടെ പതിന്നാലു ശിഷ്യൻമാർ ഓരോ ശ്ളോകം വീതം എഴുതിയത്‌.
 
ദിന യാമിന്യൌ സായം പ്രാതഃ
ശിശിര വസന്തൌ പുനരായാതഃ
കാലഃ ക്രീഢതി ഗച്ഛതി ആയു-
സ്തദപി ന മുഞ്ചതി ആശാവായുഃ .....
ദിനവും യാമിനിയും സന്ധ്യയും പ്രഭാതവും ശിശിരവും വസന്തവും എല്ലാം വീണ്ടും വരും. കാലം കളിക്കും, ആയുസ്സും (വയസ്സും) പോകും, അപ്പോൾ പോലും ആശയെന്ന വായു വിട്ടു പോകുന്നില്ല
 
അഗ്രേ വഹ്നി പൃഷ്ഠേ ഭാനു
രാത്രൌ ചുബുക സമർപ്പിത ജാനുഃ
കരതല ഭിക്ഷാസ്തരുതല വാസം
തദപി ന മുഞ്ചത്യാശാപാശം ....
മുന്നിൽ തീ, പിന്നിൽ സൂര്യൻ, രാത്രി താടി കാൽമുട്ടിലേറ്റി കൂനിയുള്ള ഇരിപ്പ്‌, കൈക്കുമ്പിളിൽ ഭിക്ഷ, മരച്ചോട്ടിൽ താമസം, (എത്രത്തോളം നിർധനനാണെന്ന്‌ സൂചന) അപ്പോൾ പോലും ആശയെന്ന പാശം വിട്ടു പോകുന്നില്ല.
 
അംഗം ഗലിതം പലിതം മുണ്ഡം
ദശന വിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം....
അംഗം തളർന്നു തലയും നരച്ചു വായ പല്ലില്ലാത്തതായി മാറി. വടി കുത്തിപ്പിടിച്ച്‌ വൃദ്ധൻ നടന്നു നീങ്ങുന്നു, അപ്പോൾ പോലും ആശാ പിണ്ഡം കൈവിടുന്നില്ല.
 
കുരുതേ ഗംഗാ സാഗര ഗമനം
വൃത പരിപാലനം അഥവാ ദാനം
ജ്നാനവിഹീനാ സർവ മതേന
മുക്തി ന ഭജതി ജൻമ ശതേന ......16
ഗംഗയിലേക്കും സാഗരത്തിലേക്കും (രാമേശ്വരം പോലെ) (തീർത്ഥാടനത്തിനു) പോകുന്നു, വ്രതം നോക്കുന്നു അല്ലെങ്കിൽ ദാനം ചെയ്യുന്നു. പക്ഷെ അറിവില്ലെങ്കിൽ സർവ മത പ്രകാരവും നൂറു ജൻമമെടുത്താലും മോക്ഷം ലഭിക്കുകയില്ല.
 
ഭഗവദ്‌ ഗീത കിഞ്ചിതദ്ധീതാ
ഗംഗാജലലവ കണികാപീതാ
സുകൃദപി യേന മുരാരിസമർച്ചാ
ക്രിയതേ തസ്യ യമേന ന ചർച്ചാ .....
ഭഗവദ്‌ഗീത കുറച്ചെങ്കിലും പഠിച്ചിട്ടൂള്ളവൻ, ഗംഗാ ജലം കുറച്ചെങ്കിലും പാനം ചെയ്തവൻ, മുരാരിക്ക്‌ (കൃഷ്ണന്‌) ഒരിക്കലെങ്കിലും മനസ്സറിഞ്ഞ്‌ അർച്ചന ചെയ്തവൻ, അവനോട്‌ യമൻ ചർച്ചക്ക്‌ (വഴക്കിന്‌) നിൽക്കുന്നില്ല.
 
യോഗരതോ വാ ഭോഗരതോ വാ
സംഘരതോ വാ സംഘ വിഹീനഃ
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ .....
യോഗാഭ്യാസത്തിൽ മുഴുകുന്നവനോ ഭോഗവിലാസത്തിൽ മുഴുകുന്നവനോ സംഘം ചേർന്നവനോ സംഘം ചേരാത്തവനോ (ഏകന്തനോ), ആരുടെ ചിത്തം ബ്രഹ്മത്തിൽ രമിക്കുന്നുവോ അവൻ ആനന്ദിക്കുന്നു, അവൻ ആനന്ദിക്കുന്നു, അവൻ മാത്രം അനന്ദിക്കുന്നു.
 
സുരമന്ദിര തരുമൂലനിവാസഃ
ശയ്യാ ഭൂതലമജിനം വാസഃ
സർവപരിഗ്രഹഭോഗത്യാഗാഃ
കസ്യ സുഖം നഃ കരോതി വിരാഗാഃ ....
അമ്പലത്തിലും വൃക്ഷത്തണലിലും താമസം ഭൂമിയിൽ കിടന്ന്‌ മാൻ തോലും ഉടുക്കുന്നു. സർവ സമ്പത്തും സുഖഭോഗവും ത്യജിച്ചവന്‌ വൈരാഗ്യം സുഖം പ്രദാനം ചെയ്യാതിരിക്കുമോ.
 
കാ തേ കാന്താ ധനഗത ചിന്താഃ
വാതുല കിം തവ നാസ്തി നിയന്താഃ
ത്രിജഗതി സജ്ജന സംഗതിരേകാ
ഭവതി ഭവാർണ്ണവ തരണേ നൌക ....
എന്തിനു ഭാര്യയേയും ധനത്തെയും കുറിച്ച്‌ ചിന്തിക്കുന്നു, വ്യതിചലിക്കപ്പെട്ട മനസ്സുള്ളവനേ, നിനൊക്കൊരു നിയന്താവില്ലേ. മൂന്നു ലോകത്തിലും സജ്ജനങ്ങളുമായി കൂട്ടുകൂടൽ മാത്രമാണ്‌ ലൌകിക ജീവിതമെന്ന കടൽ തരണം ചെയ്യാനുള്ള നൌകയാകുന്നത്‌.
 
പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്താരേ
കൃപായാ പാരേ പാഹി മുരാരേ ....
ഒരിക്കൽക്കൂടി ജനനം ഒരിക്കൽക്കൂടി മരണം ഒരിക്കൽക്കൂടി അമ്മയുടെ ഗർഭപാത്രത്തിലുള്ള ശയനം. ഈ ലൌകിക ജീവിതം (സംസാരം) മറികടക്കാൻ വളരേ കഷ്ടമാണ്‌, കൃപയോടെ കനിഞ്ഞ്‌ രക്ഷിച്ചാലും ഹേ മുരാരേ (കൃഷ്ണാ)
 
രഥ്യാചർപടവിരചിതകന്ഥാഃ
പുണ്യാപുണ്യ വിവർജ്ജിതപന്ഥഃ
യോഗീയോഗനിയോജിതചിത്തോ
രമതേ ബാലോൻമത്തവദേവ .....
കീറത്തുണിക്കുപ്പായം ധരിച്ചിട്ടുള്ളവൻ, പുണ്യത്തിനും അപുണ്യത്തിനും (പാപത്തിനും) അപ്പുറത്തുള്ള പന്ഥാവിലൂടെ ചരിക്കുന്നവൻ, യോഗഭ്യാസത്തിലൂടെ യോജിച്ച ചിത്തത്തോടെയുള്ളവൻ ബാലനെപ്പോലെയോ ഉൻമത്തനെപ്പോലെയോ രമിക്കുന്നു.
 
കസ്‌ത്വം കോ ഹം കുതഃ ആയാതഃ
കാ മേ ജനനീ കോ മേ താതഃ
ഇതി പരിഭാവയ സർവമസാരം
വിശ്വം ത്യക്ത്വാ സ്വപ്ന വിചാരം .......23
ആരാണു നീ ആരാണു ഞാൻ, എവിടെ നിന്നും വന്നു, ആരാണെണ്റ്റെ അമ്മ, ആരാണെണ്റ്റെ അച്ഛൻ. ഇപ്രകാരം ചോദിക്കൂ, അസാരമായ (അർത്ഥമില്ലത്തതായ) സർവ ലോകത്തേയും സ്വപ്ന വിചാരമായി ത്യജിച്ചിട്ട്‌.
 
ത്വയി മയി ചാന്യത്രൈകോ വിഷ്ണുഃ
വ്യർത്ഥം കുപ്യസി മയ്യസഹിഷ്ണുഃ
ഭവ സമ ചിത്തഃ സർവത്ര ത്വം
വാഞ്ചസ്യചിരാദ്ധതി വിഷ്ണുത്വം. ......
നിന്നിലും എന്നിലും മറ്റെല്ലായിടത്തും ഒരേയൊരു വിഷ്ണുവാണുള്ളത്‌. പിന്നെ വ്യർത്ഥമായി എന്നോട്‌ കോപിച്ച്‌ അസഹിഷ്ണുവാകുന്നു. സമചിത്തനായിഭവിച്ച്‌ സർവവും നീയെന്നറിഞ്ഞ്‌ പെട്ടെന്നു തന്നെ വിഷ്ണുത്വം പ്രാപിക്കൂ.
 
കാമം ക്രോധം ലോഭം മോഹം
ത്യക്‌ത്വാത്മാനം പശ്യതി സോഹം
ആത്മജ്നാന വിഹീനാ മൂഢാ
തേ പച്യന്തേ നരക നിഗൂഢാ ......25
കാമം ക്രോധം ലോഭം (അത്യാഗ്രഹം) മോഹം എന്നിവ ത്യജിച്ച്‌ സ്വയം 'അതാണു ഞാൻ' എന്നു മനസ്സിലാക്കൂ. ആത്മജ്നാനമില്ലെങ്കിൽ, മൂഢാ, നീ നരകത്തിൽ പചിക്കപ്പെടും (ചുട്ടെടുക്കപ്പെടും).
 
ഗേയം ഗീതാ നാമ സഹസ്രം
ധ്യേയം ശ്രീപതി രൂപമജസ്രം
നേയം സജ്ജന സാംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം .....26
ഗീതയും (ഭഗവാണ്റ്റെ) സഹസ്ര നാമങ്ങളും പാടുക, ശ്രീയ്ക്ക്‌ (ലക്ഷ്മിക്ക്‌) പതിയായവണ്റ്റെ രൂപം ഇടവിടാതെ ധ്യാനിക്കുക. സജ്ജന സമ്പർക്കത്തിലേക്ക്‌ മനസ്സിനെ നയിക്കുക, ദീനജനത്തിന്‌ ധനം ദാനം ചെയ്യുക.
ഉപദേശ രൂപേണ ആചാര്യർ അവസാനം എഴുതിച്ചേർത്തത്‌
 
സുഖതഃ ക്രിയതേ രാമാ ഭോഗാഃ
പശ്ചാത്‌ ഹന്ത ശരീരേ രോഗാഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം .....27
സുഖകരങ്ങളായ ഭോഗക്രിയകളിൽ രമിച്ച്‌ പിന്നീട്‌ ശരീരത്തിന്‌ രോഗവും വരുത്തിവെയ്ക്കുന്നു. ഇഹലോകത്തിന്‌ അവസാനം (ശരണം) മരണമാണെങ്കിലും അപ്പോഴും പാപം ആചരണം (പാപ പ്രവൃത്തികൾ) വിട്ടുകളയുന്നില്ല.
 
അർത്ഥമനത്ഥം ഭാവയ നിത്യം
നാസ്തി തതസ്സുഖലേശസ്സത്യം
പുത്രാദപി ധനഭാജാം ഭീതി:
സർവ്വത്രൈഷാ വിഹിതാരീതി:.....
അർത്ഥം എന്നും അനർത്ഥം ഉണ്ടാക്കുന്നു. അതിൽ അൽപം പോലും സുഖമില്ല എന്നതാണു സത്യം. പുത്രനിൽ നിന്നു പോലും ധനം പൊയ്പ്പോകുമോ എന്ന ഭീതി ഉണ്ടാകുന്നു. എല്ലായിടത്തും ഈ രീതി തന്നെ കാണുന്നു.
 
പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേക വിചാരം
ജാപ്യ സമേത സമാധി വിധാനം
കുർവവധാനം മഹദവധാനം .....29
പ്രാണായാമം പ്രത്യാഹാരം (ഇന്ദ്രിയങ്ങളെ അതത്‌ വിഷയങ്ങളിൽ നിന്നും പിൻ വലിക്കുക), നിത്യവും അനിത്യവും ഏതെന്ന്‌ വിവേകത്തോടെ വിചാരം ചെയ്യുക, ജപത്തോടെ സമാധിയിലേക്ക്‌ വിലയിക്കുക, ഇവ ശ്രദ്ധയോടെ ചെയ്യൂ, മഹത്തായ ശ്രദ്ധയോടെ ചെയ്യൂ.
 
ഗുരുചരണാംബുജ നിർഭര ഭക്‌തഃ
സംസാരത്‌ അചിരാത്‌ ഭവ മുക്‌തഃ
സേന്ദ്രിയമാനസ നിയമാദേവം
ദ്യ്രക്ഷസി നിജ ഹൃദയസ്‌തം ദേവം.......30
ഗുരുവിണ്റ്റെ പാദാരവിന്ദങ്ങളിൽ നിർഭരമായ ഭക്‌തിയുള്ളവനേ, ഈ ലൌകിക ജീവിതത്തിൽ നിന്നും പെട്ടെന്നു തന്നെ നീ മുക്‌തനായിത്തീരും. നിണ്റ്റെ ഇന്ദ്രിയങ്ങളുടേയും മനസ്സിണ്റ്റേയും നിയന്ത്രണത്തിലൂടെ മാത്രമേ നിണ്റ്റെ ഹൃദയത്തിൽ ദേവൻ വിളങ്ങുകയുള്ളൂ.

രഥം ശരീരം, സാരഥി ബുദ്ധി, കുതിരകള്‍ ഇന്ദ്രിയങ്ങള്‍ (9)

ഭഗവദ്ഗീതയിലെ രഥകല്പന പരമ പ്രധാനമാണ്. രഥമെന്നത് നമ്മുടെ ശരീരം തന്നെയാണ്. ബുദ്ധിയാണിതിന്റെ സാരഥി. കടിഞ്ഞാണ്‍ മനസ്സും. അഞ്ച് കുതിരകള്‍ പഞ്ചേന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളുടെ സഞ്ചാരമാര്‍ഗം വിഷയങ്ങളാണ്. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ അനുഭവങ്ങളുടെ സമാഹാരമാണ് ഇഹലോക ജീവിതം. കാതാകുന്ന കുതിര ശബ്ദമാകുന്ന വീഥിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗന്ധത്തിന്റെ വഴിയിലൂടെയാണ് നാസികയാകുന്ന കുതിര നീങ്ങുന്നത്. ഇതേപ്രകാരം ഓരോ ഇന്ദ്രിയവും അതോട് ചേര്‍ന്ന വിഷയങ്ങളിലേക്ക് നയിക്കപ്പെടുന്നു. ഈ സഞ്ചാരത്തില്‍ ബുദ്ധിയാണ് സാരഥിയെങ്കില്‍ കുഴപ്പമുണ്ടാകില്ല. പക്ഷേ, പലപ്പോഴും ചഞ്ചലമായ മനസ്സ് കാര്യങ്ങള്‍ തീരുമാനിക്കുവാന്‍ ഉത്സാഹിക്കും. വേഷം മാറി ബുദ്ധിയെന്ന മട്ടിലാകും മനസ്സ് അവതരിക്കുക. ഇത് തിരിച്ചറിയാന്‍ നമുക്ക് കഴിയണം.
ചഞ്ചലാത്മകമായ മനസ്സ് ഒരു കുരങ്ങനെപ്പോലെയാണ്. ബുദ്ധിയാകട്ടെ ഹനുമാനെപ്പോലെ നിശ്ചലാത്മകമാണ്. ശരീരമാകുന്ന രഥത്തിന്റെ കൊടിയടയാളം സദാ കസഫിതമാകുന്ന (ഇളകുന്ന) കപി ആയിരിക്കരുത്, നിശ്ചലബുദ്ധിയായ ഹനുമാന്‍ തന്നെയാകണം. ചാഞ്ചല്യമാര്‍ന്ന വ്യക്തിത്വങ്ങളെ നിശ്ചയദാര്‍ഢ്യമുള്ളതാക്കുക എന്നതാണ് ഗീതയുടെ ലക്ഷ്യം. സാരഥിക്ക് ലക്ഷ്യബോധം നഷ്ടപ്പെടുമ്പോള്‍ ഇന്ദ്രിയങ്ങള്‍ വശംവദരാകില്ല. ശ്രീകൃഷ്ണനെപ്പോലെ ബോധമുള്ള സാരഥിയാണെങ്കില്‍ അവന്‍ സംസാരസാഗരത്തിന്റെ മറുകര കടന്ന് വൈകുണ്ഠത്തെ പ്രാപിക്കും. നമുക്ക് ദുരിതമായി തോന്നിയ ഈ ലോകം തന്നെ എല്ല‍ാം നമുക്കനുകൂലമാകുന്ന വൈകുണ്ഠാവസ്ഥയെ പ്രദാനം ചെയ്യും. ഇരു സൈന്യങ്ങള്‍ക്കിടയില്‍ രഥം നിര്‍ത്തി തനിക്ക് എതിരിടേണ്ടവരെ അര്‍ജുനന്‍ നോക്കിക്കാണുന്നുണ്ട്. ഇത് നമ്മുടെ ചിത്തവൃത്തികളിലേക്കുള്ള നോട്ടത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെയുള്ളിലെ ഏതൊക്കെ വികാരങ്ങളെയാണ് ഇല്ലാതാക്കേണ്ടതെന്ന് ന‍ാം കാലേക്കൂട്ടി കണ്ടെത്തണം. ഇതിന് മനസ്സിനുള്ളില്‍ ഒരു യുദ്ധം അനിവാര്യമാണ്. ഈ യുദ്ധം ജയിച്ചാല്‍ ബാഹ്യലോകത്തു നിന്നുള്ള ഒരു യുദ്ധവും പിന്നെ ന‍ാം നേരിടേണ്ടിവരില്ല.
വേഷം മാറിയെത്തുന്ന കാമത്തെ തിരിച്ചറിയണം (10)

ന‍ാം നമ്മോടുതന്നെ നടത്തുന്ന ധര്‍മ്മയുദ്ധത്തില്‍ ജയിക്കേണ്ടത് നമ്മില്‍ നിന്നു തന്നെ ജനിച്ച കാമാദികളെയാണ്. പലവിധ വേഷത്തിലാകും ഈ കാമം അവതരിക്കുക. ഇതിനെ സൂക്ഷ്മ വിശകലനത്തിലൂടെ കണ്ടെത്തി നിഗ്രഹിക്കണം. നമ്മിലെ കാമം പലവിധ മൂല്യഭാവങ്ങളും കൈക്കൊള്ളും. ഭര്‍ത്താവ് മരിച്ച അയല്‍ക്കാരിക്ക് സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നയാളില്‍ പ്രകടമാകുന്നത് പിതൃഭാവമായിരിക്കും. വഴിയില്‍ നിരാലംബയായ സ്ത്രീക്ക് തുണയേകുമ്പോള്‍ ജ്യേഷ്ഠഭാവമായിരിക്കും പ്രകടമാവുക. പക്ഷെ അതിസൂക്ഷ്മ വിശകലനത്തില്‍ നമ്മുടെയുള്ളിലെ കാമം പ്രച്ഛന്നവേഷം ധരിച്ചെത്തിയതാണ് പിതൃ_ജ്യേഷ്ഠ ഭാവങ്ങളെന്ന് തിരിച്ചറിയാന്‍ കഴിയും. ഇങ്ങനെ നമ്മുടെയുള്ളിലുണരുന്ന സഹാനുഭൂതികളെയും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇവ എങ്ങോട്ടാണ് നമ്മെ നയിക്കുന്നതെന്നു തിരിച്ചറിഞ്ഞാല്‍മതി.
മുത്തച്ഛന്‍മാര്‍, പിതാക്കന്മാര്‍, തനിക്കൊപ്പമുള്ള സുഹൃത്തുക്കള്‍, മക്കള്‍, പേരക്കുട്ടികള്‍ തുടങ്ങിയ അഞ്ച് തലമുറയെയാണ് യുദ്ധഭൂമിയില്‍ അര്‍ജുനന്‍ കാണുന്നത്. ഇവയെല്ല‍ാം വ്യക്തിക്കുള്ളിലെ വിവിധ ഭാവങ്ങളുടെ പ്രതിനിധികളാണ്. നമുക്ക് പ്രിയപ്പെട്ട ഇത്തരം ഭാവങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പലപ്പോഴും ന‍ാം തയ്യാറാകില്ല. നമ്മെ രമിപ്പിക്കുന്നവയെ നിഗ്രഹിക്കാന്‍ ന‍ാം സന്നദ്ധത കാട്ടാതെ അതൊഴിച്ചുള്ള പുണ്യം മതിഎന്ന നിലപാടാകും സ്വീകരിക്കുക. നമുക്ക് ചേരാത്തതിനെ നമ്മുടെയുള്ളില്‍ നിന്നു ചെത്തിക്കളയാന്‍ ന‍ാം തയ്യാറാകണം. ശിലയില്‍ ശില്പി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. അതിനിണങ്ങാത്ത ഭാവങ്ങള്‍ കൊത്തിക്കളയുമ്പോള്‍ ആരാധനായോഗ്യമായ ദേവരൂപം അതിനു സിദ്ധിക്കുന്നു. നമുക്കിണങ്ങാത്ത കാമനകള്‍ നിഗ്രഹിച്ച് കഴിയുമ്പോള്‍ നാമും ആരാധനക്കിണങ്ങിയവരാകും

1.12.2013
പാപമെന്നത് സ്വയം അറിയാതിരിക്കല്‍ (11)

പാപമെന്നത് തെറ്റിദ്ധാരണയാണ്. തന്നെ മറ്റൊന്നായി ധരിക്കുക. അതിലൂടെ മറ്റുള്ളവയേയും മറ്റൊന്നായി ധരിക്കുക അതാണ് പാപം.
അജ്ഞാനം വേദാന്തഭാഷയില്‍ എന്തെങ്കിലും അറിയാതിരിക്കുകയല്ല. സ്വരൂപത്തെക്കുറിച്ചറിയാതെ ബാക്കിയെല്ല‍ാം അറിയലാണ് അജ്ഞാനം. മൂന്നു ലോകങ്ങള്‍ക്കും നാഥനായ ഭഗവാന്‍ ഞാന്‍ എന്ന ബോധം തന്നെയാണ്. മൂന്ന് അനുഭവമണ്ഡലങ്ങളാണ് മൂന്നു ലോകങ്ങള്‍. ശബ്ദസ്പര്‍ശരസരൂപഗന്ധങ്ങളാല്‍ അനുഭവിക്കുന്ന ജാഗ്രത് അവസ്ഥയാണ് ഒന്നാമത്തേത്. അതാണ് ഭൂമി. സ്വപ്നം, സ്വര്‍ഗവുമായി താദാത്മ്യപ്പെട്ട അവസ്ഥയാണ്. മനസ്സിന്റെ കല്പനയാണത്. ഗാഢസുഷുപ്തിയാണ് പാതാളം - ഞാനൊന്നുമറിഞ്ഞില്ല എന്ന അവസ്ഥ.
സ്വരൂപത്തെ അന്വേഷിക്കുന്ന ഏതൊരാള്‍ക്കുമുണ്ടാകുന്ന സംശയങ്ങളാണ് കൃഷ്ണനോട് അര്‍ജുനന്‍ ചോദിക്കുന്നത്. കുലക്ഷയത്തിന് ന‍ാം കാരണമാകുമോ എന്നാണ് അര്‍ജുനന്റെ സംശയം. നമ്മുടെ കുലം മനുകുലമാണ്. മനനം ചെയ്യേണ്ടവരെന്നര്‍ത്ഥം. കുലം ക്ഷയിക്കുന്നത് മനനം നിലക്കുമ്പോഴാണ്. അപ്പോള്‍ മൃഗങ്ങളെപ്പോലെ എന്നും പറയാന്‍ പറ്റില്ല. കാരണം അവര്‍ക്ക് അധമവികാരങ്ങള്‍ ഉണ്ടാകില്ല. കൌരവന്മാര്‍ ആതതായികള്‍ (വധാര്‍ഹര്‍) തന്നെയെന്ന് അര്‍ജ്ജുനന്‍ പറയുന്നുണ്ട്. വധം, അപഹരണം തുടങ്ങിയ നീചപ്രവൃത്തികള്‍ ചെയ്തവരാണ് ആതതായികള്‍. എല്ലാവരും മനസ്സിലെങ്കിലും ഈ തെറ്റുകള്‍ ചെയ്യുന്നുണ്ട്. കാമമോഹാദികളാണ് ഇതിനു കാരണം. അതിനാല്‍ അവ വധാര്‍ഹമാണ്. കൊല്ലുക എന്നതിന് ഇനി ഉണ്ടാകരുത് എന്നര്‍ത്ഥം. കാമമോഹാദികള്‍ മനസ്സില്‍ ജനിച്ചെങ്കില്‍ അവയെ കൊല്ലുക തന്നെ വേണം.

2.12.2013
ദുഃഖവും അറിവും ഒരുമിച്ചുണ്ടാകില്ല (13)


ദുഃഖിക്കാന്‍ പാടില്ലാത്തതിനെക്കുറിച്ചാണ് അര്‍ജുനനും നാമോരോരുത്തരും ദുഃഖിക്കുന്നത്. അതേസമയം അറിവുള്ളവരെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു. അറിവും ദുഃഖവും ഒരിക്കലും ചേരില്ല. ഉള്ളവരെക്കുറിച്ചും പോയവരെക്കുറിച്ചും ഓര്‍ത്ത് പണ്ഡിതര്‍ ദുഃഖിക്കുന്നില്ലെന്ന് ഭഗവാന്‍ പറയുന്നു.

നമ്മുടെ സ്വാര്‍ഥതയാണ്, അജ്ഞതയാണ് ദുഃഖമായി വരുന്നത്. നമ്മുടെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതോ, ആഗ്രഹം പൂര്‍ത്തീകരിക്കാത്തതോ ആണ് ദുഃഖങ്ങളുടെ യഥാര്‍ഥ ഹേതു. ഏറ്റവുംവലിയ ദുഃഖം മരണമാണ്.

മനുഷ്യന്റെ അജ്ഞത ഞാനിവിടെ സ്ഥിരമാണ് എന്നതാണ്. മനുഷ്യന്റെ ജ്ഞാനവും ഞാനിവിടെ സ്ഥിരമാണ് എന്നതാണ്. ശരീരമായിട്ടുള്ള ഞാന്‍ സ്ഥിരമാണ് എന്നു ധരിക്കരുത്. അതേസമയം ശരീരത്തിനപ്പുറമുള്ള ചൈതന്യമാകുന്ന ഞാന്‍ നശിക്കില്ലെന്ന് അറിയുകയുംവേണം.

ക്രിസ്തു മരിച്ചവനെ ഉയിര്‍പ്പിക്കുന്നതും ഇതിനു ദൃഷ്ടാന്തമാണ്. മൃതദേഹം അജ്ഞാനാവൃതമായ ശരീരമാണ്. അതില്‍നിന്നും അറിവിനെ വിളിച്ചുണര്‍ത്തുകയാണ് ലാസറിനെ വിളിക്കുന്നതിലൂടെ ക്രിസ്തു ചെയ്യുന്നത്.ശോകമോഹങ്ങളാണ് ദുഃഖത്തിനു കാരണം. അവയാല്‍ വിവേകവും വിജ്ഞാനവും നശിക്കുന്നവര്‍ സ്വധര്‍മ്മത്തെ വെടിയും. അജ്ഞാനത്തോടെ സ്വധര്‍മ്മം നിര്‍വഹിച്ചാല്‍തന്നെ അത് ഫലചിന്തയോടും ഞാന്‍ എന്ന ഭാവചേനാടെയുമായിരിക്കും. ഞാന്‍, എന്റേത് എന്നീ വാക്കുകള്‍ അര്‍ജുനന്‍ പറയുന്നത് അറിവില്ലായ്മയില്‍നിന്നാണ്.

ബന്ധങ്ങളാകുന്ന ബന്ധനങ്ങളില്‍നിന്ന്, മിഥ്യകളില്‍നിന്ന് മോക്ഷം തേടണം. ഇവിടെ നേടുന്ന ഭൂമിയും ധനവും മറ്റു സുഖങ്ങളും താല്‍ക്കാലികമാണെന്ന് അറിയണം. നിത്യമായതിനെ അറിഞ്ഞാല്‍മാത്രമെ ശാശ്വതമായ സമാധാനം കിട്ടൂ.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം
നമ്മുടെ ഉള്ളിലെ ഈശ്വരന്റെ പ്രതീകമാണ് പ്രതിഷ്ഠ (14)

ന‍ാം തുല്യരാണെന്നല്ല, അതുല്യരാണെന്നാണ് ഭഗവാന്‍ പറയുന്നത്. നീയും ഞാനും ഇക്കാണുന്നതെല്ല‍ാം എന്നും ഉള്ളതാണ്, അവക്കൊന്നിനും ഇല്ലായ്മ എന്നൊന്നില്ല എന്ന് അര്‍ജ്ജുനനോട് പറയുന്നു. എന്തുകൊണ്ടാണെന്നാല്‍ എന്തിന്റെയും സ്വരൂപം ഉണ്മയാണ്.
ഇനി ശരീരതലത്തിലാണെങ്കില്‍ കൗമാരയൗവനജരകള്‍ സംഭവിച്ചതുപോലെ ഒരു മാറ്റമായി മരണവും സംഭവിക്കുന്നു. ധീരന്‍ ഇതില്‍ മോഹിക്കുന്നില്ല.അബോധപൂര്‍വ്വം ഒന്നും ചെയ്യാതിരിക്കുന്നതാണ് ധീരത. സുഖദുഃഖങ്ങളെ സമീകരിച്ച, അവയെ അറിഞ്ഞ പുരുഷനെ ഒന്നും ചലിപ്പിക്കുന്നില്ല. വേദാന്തത്തിലെ പുരുഷ - മാതൃശബ്ദങ്ങള്‍ ആണിനും പെണ്ണിനും ഒന്നുപോലെ ബാധകമാണ്, അവ ലിംഗപരമല്ല.
ആദ്യം ജനിച്ചതിനുശേഷം ജീവിതമുണ്ടോ എന്നന്വേഷിക്കുക, എന്നിട്ടാവ‍ാം മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്നതാണ് ഗീതയുടെ കാഴ്ചപ്പാട്.
എല്ലാറ്റിനേയും നിരീക്ഷിക്കുക. നമ്മുടെ കുട്ടിക്കാലത്തെ മുതിര്‍ന്നശേഷം ഓര്‍ക്കുന്നത്, പഴയ ഫോട്ടോ കണ്ട് അത് ഞാനാണെന്നു പറയുന്നത് ഒക്കെ മാറിനിന്നുള്ള ഒരു നിരീക്ഷണമാണ്. ആ നിരീക്ഷണം വര്‍ത്തമാനകാലത്തിലേക്കും കൊണ്ടുവരിക. കരയണമെന്നു തോന്നുമ്പോള്‍ കരയുക, ചിരിക്കണമെന്നു തോന്നുമ്പോള്‍ ചിരിക്കുക. റോഡില്‍ വണ്ടികയറി മരിക്കാനും തയ്യാറായിരിക്കുക. പ്രകൃതി നല്‍കുന്ന എന്തിനേയും പൂര്‍ണ്ണ മനസ്സോടെ, പരാതികളില്ലാതെ സ്വീകരിക്കുക. എന്നെ കിടത്താതെ വിളിക്കണേഎന്ന ആവശ്യം പോലും ഭഗവാനോട് ജ്ഞാനി ഉന്നയിക്കുന്നില്ല.
രണ്ടു കാലും മുറിച്ചുമാറ്റപ്പെട്ടിട്ടുള്ള ആളോടു ചോദിക്കൂ ഞാന്‍ എന്ന ബോധത്തിന് മുറിവേറ്റിട്ടുണ്ടോ എന്ന്. ഈയൊരു ഉദാഹരണം മതി ഞാന്‍ ശരീരത്തിനപ്പുറമാണെന്നറിയാന്‍. വൃക്ഷത്തിന്റെ ജനനം വിത്തിന്റെ മരണമല്ല, പൂര്‍ത്തീകരണമാണ്. നമ്മുടെ ആവിഷ്കാരമാണ് മരണം. ശരീരത്തിന്റെ നിരന്തരമായ മാറ്റമാണ് ലോകത്ത് നടക്കുന്നത്. ട്രാക്കിലൂടെ പോകുന്ന തീവണ്ടി പോലെയല്ല ജീവിതം. ഗംഗാനദി പോലെയാണ്. കുത്തിമറഞ്ഞ് കലങ്ങി വളഞ്ഞുപുളഞ്ഞ്, ആകെ മാറിമറിഞ്ഞ്, മാറ്റിമറിച്ച് ഒഴുകുന്നു.
ശരീരത്തിന് നാശമുണ്ട് എന്നത് സത്യമാണ്. പക്ഷേ അതിന്റേതായ ധര്‍മ്മങ്ങളുണ്ട്. ഉപനിഷത്തില്‍ പറഞ്ഞ ധര്‍മ്മങ്ങളൊക്കെ എന്നില്‍ സംഭവിക്കണമെങ്കില്‍ എന്റെ ഇന്ദ്രിയങ്ങള്‍ സചേതനമായിട്ടിരിക്കണം. ഇന്ദ്രിയങ്ങളെ മുഴുവന്‍ നിഷേധിച്ച്, ശരീരത്തെ നിഷേധിക്കുന്ന ഒരുവന് അത് സാദ്ധ്യമാകില്ല. ഇത് പരസ്പര പൂരകമാണ്.
അറിവില്‍ ആനന്ദമുണ്ടാകലാണ് ഭാരതീയന്റെ ലക്ഷണം. കുറിതൊട്ട് ഭാരത് മാതാ കീ ജയ് വിളിക്കലല്ല. പ്രതികാരഭാവമില്ലാത്ത സഹനം, അറിയല്‍ ആണ് ഗീത പറയുന്നത്. സമുദ്രം പോലെ പര്‍വ്വതം പോലെ നിലകൊള്ളണം. അല്ലാതെ അമ്പലത്തില്‍ പോയിട്ട് കാര്യമില്ല. എന്നെ അറിയാന്‍ ക്ഷേത്രമെന്ന മാര്‍ഗ്ഗം സഹായിക്കുമെന്നതിനാല്‍ , എന്റെ ഉള്ളിലെ ദൈവത്തിന്റെ പ്രതീകമായിട്ടാണ് പ്രതിഷ്ഠ എന്ന അറിവില്‍ വേണം ക്ഷേത്രത്തില്‍ പോകാന്‍ . ഇവിടെയാണ് നാമിരിക്കേണ്ടത്. നാമിരിക്കേണ്ടിടത്ത് നാമിരിക്കുന്നില്ലെങ്കില്‍ വേറെ പലതും കയറിയിരിക്കും. അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. വ്യാസഭഗവാന്‍ ഒരു പക്ഷവും ചേരാന്‍ നമ്മോടു പറയുന്നില്ല. നമുക്ക് നമ്മെ കാണാനും അതിലൂടെ ഉയരാനുമാണ് ഗീത. മറ്റുള്ളവരെ അളക്കാനുള്ളതല്ല അത്.

ഇന്ദ്രിയ വിഷയങ്ങളെ സമഭാവത്തില്‍ കാണുക (15)

ഇന്ദ്രിയങ്ങളുടെയും ഇന്ദ്രിയ വിഷയങ്ങളുടെയും മുന്നില്‍ സമഭാവത്തില്‍ വര്‍ത്തിക്കണം.ശീതം - ഉഷ്ണം, സുഖം - ദുഃഖം, ലാഭം - നഷ്ടം തുടങ്ങി എല്ലാ ദ്വന്ദങ്ങളും വരുന്നതും പോകുന്നതുമാണ്; സ്ഥിരമല്ല. അവയുമായി താദാത്മ്യം പ്രാപിക്കരുത്. അവയ്ക്കു മുന്നില്‍ നല്ല ആതിഥേയരായിട്ടിരിക്കുക. ന‍ാം കണ്ണാടി പോലെയാകണം. വിശ്വസുന്ദരി വന്നാലും വിശ്വരൂപി വന്നാലും ഒന്നും ശേഖരിക്കരുത്, ഒരുപോലെ പ്രദര്‍ശിപ്പിക്കുക.
എല്ലാ പ്രവൃത്തികള്‍ക്കിടയിലും നിഷ്ക്രിയമായിരിക്കുന്നത്, എല്ലാ മാറ്റങ്ങള്‍ക്കിടയിലും മാറ്റമില്ലാത്തത്, എല്ലാ അനുഭവങ്ങള്‍ക്കും സാക്ഷിയായത് - അതാണ് സത്യമായ ചൈതന്യം. അതിനെ അറിഞ്ഞവന്‍ അമൃതത്വം അറിഞ്ഞവനാണ്. ഇന്ദ്രിയ വിഷയങ്ങളില്‍ സുഖദുഃഖങ്ങളോടെ വര്‍ത്തിക്കുന്നവന്‍ അമൃതത്വത്തിന് യോഗ്യനല്ല. അതിനര്‍ത്ഥം സന്തോഷം വരുമ്പോള്‍ ദുഃഖിക്കണമെന്നല്ല, സന്തോഷത്തെ അറിയുക. സമത്വപൂര്‍ണമായ ഉള്‍ക്കൊള്ളല്‍ ധീരതയില്‍ നിന്നുണ്ടാകുന്നതാണ്, നിസ്സഹായതയില്‍ നിന്നല്ല.
ഇല്ലാത്തതിന് ഉണ്മയോ ഉള്ളതിന് നാശമോ സംഭവിക്കില്ല. യാതൊന്നിനാല്‍ ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ അത് നാശമില്ലാത്തതാണെന്ന് ഗീത പറയുന്നു. ഈശ്വരന്‍ വസ്തുവിലോ, വസ്തു ഈശ്വരനിലോ അല്ല, എല്ല‍ാം ഈശ്വരനാണ്. കുമിള, കുമിളയല്ല സമുദ്രത്തിനു മുഴുവന്‍ ആധാരമായ ജലമാണ് എന്നറിയുമ്പോള്‍ കുമിളത്വം ഇല്ല. കുമിള മാത്രമാണെന്നു കരുതുമ്പോള്‍ ജനനവും മരണവും ദുഃഖവുമുണ്ടാകും. കുശവന്‍ കലമുണ്ടാക്കുമ്പോള്‍ മനസ്സില്‍ ഒരു കലമുണ്ട് (സങ്കല്പം), മണ്ണിന്റെ രൂപമാറ്റമുണ്ട്, നിര്‍മിച്ച വസ്തുവിനൊരു പേരുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതു മൂന്നും ഇല്ലാത്തതാണ്. മണ്ണ് മാത്രമാണ് സത്യം. എന്നാല്‍ ശരീരത്തിന് നാശമുണ്ട്. ബാലന്‍ മരിച്ചാണ് യുവാവുണ്ടാകുന്നത്. യുവാവ് മരിച്ച് വൃദ്ധനും. ശരീരത്തിന് നാശമുണ്ട്, ചൈതന്യത്തിന് നാശമില്ല എന്ന അറിവോടെ ചെയ്യുന്ന യുദ്ധം യജ്ഞമാകും. ആ അറിവില്ലാതെ ചെയ്യുന്ന യജ്ഞം യുദ്ധമാകും. എനിക്ക് ആരേയും കൊല്ലാന്‍ കഴിയില്ല, ആര്‍ക്കും എന്നെ കൊല്ലാനും കഴിയില്ല. ഇതറിഞ്ഞവര്‍ ചെയ്യുന്നതെല്ല‍ാം ഞാനല്ല പ്രപഞ്ചമാണ്, ചൈതന്യമാണ് ചെയ്യുന്നത്. ഇതാണ് യഥാര്‍ത്ഥ അഹിംസ.
ഭഗവദ് ഗീത 1:1
മമ ധര്‍മ കിം അകുര്‍വത' - എന്റെ ധര്‍മം എന്ത് ചെയ്തു. ഇതാണ് ഗീതയിലെ ചോദ്യം. ചോദ്യം നമ്മളോടാണ് . അടിവരയിട്ടു ഞാന്‍ പറയട്ടെ, ഇത് ഒരു ഭൌതിക യുദ്ധമേ അല്ല. നുറ്റാണ്ട്കള്‍ക്ക് മുമ്പ് സംഭവിച്ചത് അല്ല ഇത്, ഇപ്പോഴും മനുഷ്യ ഹൃദയങ്ങളില്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നതാണ് ധൃതരാഷ്ട്രത്വവും ഭാരതയുദ്ധവും. ധര്‍മ്മ ക്ഷ്ത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ! ഈ ചോദ്യം ധൃതരാഷ്ട്രര്‍ ചോദിക്കുന്നത് മഹാഭാരത യുദ്ധം തുടങ്ങുബോ ആണോ? അല്ല. കാരണം, ഭീഷ്മപര്‍വത്തിലെ 13 മുതല്‍ 25 വരെയുള്ള 18 അദ്ധ്യായങ്ങള്‍ ആണ് ഭഗവദ് ഗീത. സഞ്ജയന്‍ 13 അധ്യായങ്ങളില്‍ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചു കൊടുത്തതാണ് യുദ്ധ സംഭവങ്ങള്‍ മുഴുവന്‍. അത്രയും കേട്ടിട്ട്, വീണ്ടും ധൃതരാഷ്ട്രര്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോള്‍, അത് വെറും ഒരു യുദ്ധത്തെ കുറിച്ചുള്ള ചോദ്യം അല്ല. ആ ചോദ്യം വ്യാസന്‍ ചോദിപ്പിച്ചത്, എല്ലാവര്‍ക്കും വേണ്ടിയാണ്. ഓരോരുത്തരും അവരവരോട് ചോദിക്കേണ്ട ചോദ്യം ആണ് ഇത്. എന്താണ് ചോദ്യം അല്ലെങ്കില്‍ ചോദ്യങ്ങള്‍. പൌരസ്ത്യ ആചാര്യന്മാര്‍ ഗ്രന്ഥങ്ങള്‍ രചിക്കുമ്പോള്‍ ഗ്രന്ഥത്തിന്റെ താത്പര്യം അതിന്റെ അവസാന ശ്ലോകവും ആദ്യ ശ്ലോകവും ചേര്‍ത്തുവായിച്ചാല്‍ ലഭീക്കുന്ന രീതിയില്‍ ആണ് രചിക്കാറ്. ഗീതയുടെ ചരമശ്ലോകം അവസാനിക്കുന്നത് 'മമ' എന്ന് പറഞ്ഞാണ്. അപ്പോള്‍ ഗീതയുടെ താത്പര്യം 'മമ ധര്‍മ കിം അകുര്‍വത' - എന്റെ ധര്‍മം എന്ത് ചെയ്തു എന്നാണു. ഇതാണ് നാം നമ്മോടു ചോദിക്കേണ്ട ആദ്യ്‌ ചോദ്യം. നമ്മില്‍ ഒരു ധൃതരാഷ്ട്രര്‍ ഉണ്ട്. ആരാണ് ധൃതരാഷ്ട്രര്‍ ? ധൃതരാഷ്ട്രരുടെ തന്നെ വാക്കുകളിലൂടെ തന്നെ നമുക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ നോക്കാം. യുദ്ധം ഒഴിവാക്കെണ്ടതിനെ പറ്റിയും മറ്റും വ്യാസന്‍ ധൃതരാഷ്ട്രരോട് വ്യാസന്‍ സംസാരിക്കുന്നുണ്ട്. അപ്പോള്‍ ധൃതരാഷ്ട്രര്‍ വ്യാസനോട് പറയുന്നുണ്ട് : "യഥാ ഭവാന്‍ വേത്തി തഥാസ്മി വേത്തി സ്വാര്‍ഥേഹി സംമുഹ്യതി താത ലോക മാം ചാപി ലോകാത്മജമെവം വിദ്ധ്വി " - ഭവാന് അറിയാവുന്നതുപോലെ ധര്‍മ്മവും അധര്‍മ്മവും എനിക്കും അറിയാം. പക്ഷെ ഈ ലോകം സ്വാര്‍ഥതയില്‍ മുഴുകി ഇരിക്കുന്നു. അതുകൊണ്ട് ഞാനും ലോകത്തിന്റെ കൂടെ തന്നെ പോകുന്നു. അതായത് "ധര്‍മ്മാധര്‍മ്മങ്ങളെ കുറിച്ച് വ്യക്തമായി അറിയാം, പക്ഷെ സ്വാര്‍ഥത മൂലം ധര്‍മ്മം അനുഷ്ടിക്കാന്‍ വയ്യായ്ക". ഇതാണ് ധൃതരാഷ്ട്രത്വം. നുറ്റാണ്ട്കള്‍ക്ക് മുമ്പ് സംഭവിച്ചത് അല്ല ഇത്, ഇപ്പോഴും മനുഷ്യ ഹൃദയങ്ങളില്‍ സംഭവിച്ചു കൊണ്ടീയിരിക്കുന്നതാണ് ധൃതരാഷ്ട്രത്വവും ഭാരതയുദ്ധവും. ധൃതരാഷ്ട്രര്‍ ചോദിച്ച അടുത്ത ചോദ്യം: "ധര്‍മക്ഷേത്രേ മാമക കിം ആകുര്‍വത" - ഈ ധര്‍മക്ഷേത്രത്തില്‍ എന്റേത് എന്ന വിചാരം എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യിപ്പിച്ചു. ധര്‍മക്ഷേത്രം എന്നാല്‍ എന്താണ്. 'ധാര്യതെ ഇതി ധര്‍മ' - പ്രപഞ്ചം മുഴുവന്‍ ധരിക്കപ്പെട്ടിരിക്കുന്നത് ആണ് ധര്‍മം. അതായത് ബ്രഹ്മം. ക്ഷേത്രം എന്നാല്‍ ശരീരം. ബ്രഹ്മത്തെ അറിഞ്ഞവന്റെ ശരീരം ധര്‍മക്ഷേത്രം ആണ്. അല്ലെങ്കില്‍ അത് കുരുക്ഷേത്രവും. എന്റെ കൌരവര്‍ എന്നെ എന്തെല്ലാം ചെയ്യിച്ചു. അതായത് എന്റെ ദുര്‍ഗുണങ്ങള്‍ (101 കൌരവര്‍ എണ്ണമറ്റ ദുര്‍ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു.) എന്നെ എന്തെല്ലാം ചെയ്യിച്ചു. അടുത്ത ചോദ്യം "ധര്‍മക്ഷേത്രേ പാണ്ഡവ കിം ആകുര്‍വത". എന്നിലെ പാണ്ഡവന്‍ എന്നെകൊണ്ട്‌ എന്തെല്ലാം ചെയ്യിച്ചു. പാണ്ഡവന്‍ എന്നാല്‍ പണ്ഡ ഉള്ളവന്‍ . പണ്ഡ എന്നാല്‍ ആത്മ വിഷയജ്ഞാനം. എന്നിലെ ധര്‍മപുത്രര്‍ എന്നിലെ തന്നെ ദുശാസനനെ നേരിട്ടുവോ? എന്നിലുടെ പുറത്തു വന്നത് പാണ്ഡവനോ കൌരവനോ? ഗീതയെ ഈ തലത്തില്‍ കാണാന്‍ ശ്രമിച്ചാല്‍ അത് തീര്‍ച്ചയായും ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. ഈ തലത്തില്‍ നിന്നുകൊണ്ട് വരും ശ്ലോകങ്ങളിലൂടെയും നമ്മുക്ക് യാത്ര ചെയ്യാം.